ആ ദൃശ്യങ്ങള്‍ മഹാഗൗരിക്ക് വല്ലാത്ത മാനസിക വിക്ഷോഭം നല്‍കി.
അബോയി ഒരു മാസമായി തരംഗം ടി.വി.യുടെ ന്യൂസ് ഇന്‍ ചാര്‍ജ്ജ് ആണ്. കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ബംഗാളി. കമ്മ്യൂണിസത്തെ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന തീപ്പൊരിയാണവന്‍. തന്റെ മീഡിയ സ്‌കൂളില്‍നിന്ന് ഒന്നാം റാങ്കില്‍ പാസ്സായ, പുതുതലമുറയുടെ വാഗ്ദാനം.
നെറികേടിന്റെ, നേരില്ലായ്മയുടെ പത്രധര്‍മ്മം. അതില്‍നിന്ന് ഈ സമൂഹത്തിനു വ്യത്യസ്തമായ ഒരു കാഴ്ച സമ്മാനിക്കാന്‍ ഇറങ്ങി പുറപ്പെട്ടവന്‍. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള വളച്ചൊടിക്കലും വാര്‍ത്താനിര്‍മ്മിതിയുമാണ് എന്നും മൂലധന, സാമ്രാജ്യത്ത ശക്തികളുടെ മുഖ്യ ആയുധം. ഇത് നടപ്പിലാക്കുന്നതാകട്ടെ കൂടുതലായും സംഭവങ്ങളുടെ തെറ്റായ അവതരണത്തിലൂടെ അല്ല; മറിച്ച്, റിപ്പോര്‍ട്ടിങ്ങിനുശേഷം വരുന്ന അവലോകനങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും.
വാര്‍ത്ത തീര്‍ത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും വായനക്കാരുടെ മനസ്സില്‍ അവതരിപ്പിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. അത് ഇല്ലാതായാലേ സത്യസന്ധമായ വാര്‍ത്തകള്‍ക്ക് ജനങ്ങളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ സാധിക്കൂ.
അവന്റെ ഓഡിയോ അവള്‍ സശ്രദ്ധം കേട്ടു. കൂടെ വന്ന വീഡിയോ കണ്ടു. നാളെ ഒരു മണിയുടെ ന്യൂസ് അവറില്‍ ബ്രേക്കിംഗ് ന്യൂസ് ആയി ഈ വാര്‍ത്ത വരും. ഇത് തടയേണ്ട ആവശ്യമില്ല, ലോകം അറിയട്ടെ.
ഒരു വര്‍ഷം മുന്‍പേ നടന്നതാണ് ഈ സംഭവം. മഹാദേവ് ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് കൊല്ലപ്പെട്ടു. വണ്ടി അയാളുടെ ശരീരത്തില്‍ കയറിയിറങ്ങി. ഗേറ്റ് തുറക്കാന്‍ താമസിച്ചതിന് ഗിരിധര്‍ താന്‍ ഓടിച്ചിരുന്ന ലാന്‍ഡ് റോവര്‍ അയാളുടെ ദേഹത്ത് കയറ്റിയിറക്കുകയായിരുന്നു. പക്ഷേ, ആ കുറ്റം അന്ന് ഒരു അപകടമായി പോലീസ് എഴുതിത്തള്ളി. നെഗ്ലജന്റ് ഡ്രൈവിങ്ങിനു ഡ്രൈവര്‍ അറസ്റ്റിലായി.
ജനം പതുക്കെ ആ വാര്‍ത്ത മറന്നു. മരിച്ച സെക്യൂരിറ്റി സ്റ്റാഫിന്റെ കുടുംബത്തെ മഹാദേവ് ഗ്രൂപ്പ് ദത്തെടുത്തു. പക്ഷേ, അതൊരു വാര്‍ത്തയായിരുന്നു കുറെ നാളത്തേക്ക്. ഇപ്പോളത് ഈ ഇലക്ഷന്‍ സമയത്തു വീണ്ടും ഉയര്‍ന്നുവരുന്നു.
അപ്പോഴാണ് പരമേശ്വരി പറഞ്ഞ കാര്യങ്ങള്‍ മഹാഗൗരിക്ക് ഓര്‍മ്മവന്നത്. മദ്യപിച്ചുകഴിഞ്ഞാല്‍ ഗിരിധറിന് ഒരു അന്തവും കുന്തവും ഇല്ലെന്നും പിന്നെ ചെയ്യുന്നതൊക്കെ രാക്ഷസനെപ്പോലെയും എന്ന്. മൃഗതുല്യം എന്നൊക്കെ ചിലര്‍ പറയും. പക്ഷേ. അങ്ങനെ പറയാന്‍ പറ്റില്ല. കാരണം, മൃഗങ്ങള്‍ ഒരിക്കലും തന്റെ സഹജീവികളോട് ഇങ്ങനെ ചെയ്യാറില്ല.
ചിലപ്പോള്‍ സമയത്തിന്റെ കാര്യം ഇതുപോലെയാണ്. ഒരു കയറ്റത്തിന് ഒരു ഇറക്കം. കര്‍മ്മം അതിന്റെ സമയം എടുക്കും പക്ഷേ, തിരിച്ചുവരും ഉറപ്പായും – പ്രാരബ്ധകര്‍മ്മം. ജനിച്ചുകഴിഞ്ഞാല്‍ മരണം കഴിയുന്നതുവരെയുള്ള അനുഭവങ്ങളാണ് പ്രാരബ്ധകര്‍മ്മം. അത് ഈ ജന്മത്തില്‍ ചെയ്തുകൂട്ടിയ കര്‍മ്മങ്ങളാണ്.
ആവനാഴിയിലിരുന്ന ശരം എടുത്തു തൊടുത്തുവിട്ടുകഴിഞ്ഞു. ശരം അതിന്റെ സഞ്ചാരപഥത്തിലെ പ്രയാണത്തിലാണ്. ഇനി അത് തിരികെയെടുക്കാനാകില്ല. അനുഭവിച്ചുതന്നെ അവസാനിക്കണം. അതിവിടെ ആരംഭിച്ചു. പാമ്പും കോണിയും കളിക്കുന്നതുപോലെയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഏതു സമയവും ഒന്നാം കള്ളിയിലേക്കു വീഴാം. പതനം ആരംഭിച്ചു. അതാണിപ്പോള്‍ നടക്കാന്‍ പോകുന്നത്.
നമ്മള്‍ എത്ര ബലവാനായാലും ദൈവത്തിന്റെ ഒരു കണ്ണ് തുറന്നിരിക്കും. അത് വേണ്ടസമയത്ത് ലോകത്തിനു നമ്മുടെ പ്രവൃത്തിയെ കാണിച്ചുകൊടുക്കും. അല്ലെങ്കില്‍ ഇത്രയുംനാള്‍ ആരുമറിയാതെപോയ ഈ കാര്യം എങ്ങനെ അബോയിയുടെ കൈയില്‍ കിട്ടി! അതും ഒരു സി സി ടി വി ക്യാമറ നന്നാക്കാന്‍ വിളിച്ച ആളുടെ കൈയില്‍നിന്നും. അവന്‍ അത് ഇത്രയുംനാള്‍ സൂക്ഷിച്ചുവച്ചു. അബോയിയെ ഏല്പിച്ചു. അനന്തരഫലം അത്ര നല്ലതായിരിക്കില്ല, അത്ര നല്ലത് എന്നല്ല ഒട്ടും നല്ലതായിരിക്കില്ല.
രാത്രിയില്‍ കിടന്നിട്ട് ഗൗരിക്ക് ഉറക്കം വന്നില്ല. നാളെ ഉച്ചയാകുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക! യുദ്ധദിനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. യുദ്ധത്തില്‍ ഒരു നിയമം മാത്രം. എങ്ങനെയും ജയം ഉറപ്പാക്കുക. അതിനി തനിക്കുമാത്രമാണ് ആ ജയം. സംശയം വേണ്ട.
ഉച്ചക്ക് വാര്‍ത്ത വന്നതും തരംഗം ടി. വിയുടെ ഫോണുകളിലെല്ലാം മണി അടിച്ചോണ്ടേയിരുന്നു. മഹാഗൗരിയുടെ ഫോണിലേക്ക് ആദ്യം വന്ന വിളി സാമുവേലിന്റേതായിരുന്നു.
“മഹാഗൗരി, മാഡം, നിങ്ങളെ എനിക്ക് അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ല. ഗിരിധറിനോട് നേരിട്ട് കൊമ്പുകോര്‍ക്കാന്‍ കാണിച്ച ഈ ധൈര്യം. ഞാന്‍ അങ്ങോട്ടൊന്ന് വരികയാ, നേരിട്ട് കാണണം.”
അവള്‍ എതിര്‍പ്പ് പറഞ്ഞില്ല. മിനിറ്റുകള്‍ക്കകം സാമുവേല്‍ എത്തി.
ചാനലിന്റെ ഗേറ്റിനു മുമ്പില്‍ മുഴുവനും ഗിരിധറിന്റെ അനുയായികളും കുറെ ഗുണ്ടകളും നിരന്നിരുന്നു. പിന്നെ പോലീസും. മിക്കവാറും എല്ലാ ഉന്നത പോലീസധികാരികളും ഗിരിധറിന്റെ സുഹൃത്തുക്കളാണ്.
സാമുവേലിനെ കണ്ടതും, നിരന്നുനിന്നവര്‍ കാറിന്റെ അടുത്തേക്ക് ഓടിക്കൂടി മുദ്രാവാക്യം മുഴക്കി. പക്ഷേ, അയാളുടെ ഒരു നോട്ടത്തില്‍ അവര്‍ നിശ്ശബ്ദരായി. സാമുവേല്‍ ഇപ്പോഴും ഒരു സിംഹംതന്നെയാണ്. ഗിരിധറിനു ചേരുന്ന എതിരാളി. തുല്യശക്തികള്‍ ഏറ്റുമുട്ടുമ്പോഴേ കാണികള്‍ക്ക് ആവേശം വരൂ.
മഹാഗൗരിയുടെ മുറിയിലേക്കു വന്നതും കസേര വലിച്ചിട്ടു സാമു വേല്‍ ഇരുന്നു.
“സത്യം പറയാമല്ലോ മോളേ, ഇങ്ങനെയൊരു കാര്യം ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. നമ്മള് കാണുന്നതൊന്നും അല്ല ഗിരിധര്‍. അറിയുമോ? തനി ഗുണ്ടയാണ് ഗുണ്ട. അത് ഇപ്പോള്‍ തുടങ്ങിയതല്ല, ചെറുപ്പം മുതലേ അങ്ങനെതന്നെയാണ് മോളേ.”
“മോളേ, അങ്ങനെ വിളിക്കുന്നതില്‍ ഒന്നും തോന്നരുതേ. മാഡം എന്നൊക്കെ വിളിക്കുമ്പോള്‍ എന്തോ ഒരു അകല്‍ച്ച. മഹാഗൗരി അങ്ങോട്ട് നാവില്‍ വഴങ്ങുന്നില്ലതാനും.” അവള്‍ അത് സമ്മതിച്ച പോലെ ചെറുതായി ഒന്ന് മന്ദഹസിച്ചു.
“മോളെ, ഒരു കാര്യം പറയാതെവയ്യ. ഞാന്‍ ചിലപ്പോള്‍ പറയാറുണ്ട്. ആണുങ്ങളും ചുരുക്കം ചില പെണ്ണുങ്ങളും. ആ ചുരുക്കം പെണ്ണുങ്ങളില്‍പ്പെട്ട ആളാണ് മോളും കേട്ടോ.”
“ആ ധൈര്യത്തിനു മുന്‍പില്‍ എന്റെ അഭിവാദനം.”
സ്ത്രീകളെ അങ്ങനെയൊക്കെ പറഞ്ഞത് അത്ര പിടിച്ചില്ല എന്നാലും അവള്‍ നീരസം മുഖത്തു കാണിച്ചില്ല.
“ചെറുപ്പം മുതലേ ഗിരിധറിനെ അറിയുമോ?”
“പിന്നെ അറിയാതെ. എന്റെ അനുജന്‍ പീറ്ററിന്റെ കൈയിലെ രണ്ടു വിരല്‍ എടുത്തത് അവനാണ്. മറ്റു കാര്യങ്ങള്‍ക്കുപയോഗിക്കുന്ന ഇടതുകൈ കൊണ്ട് അവന്‍ എഴുതാന്‍ കാരണം അയാളാണ്.”
“പീറ്റര്‍ നിങ്ങളുടെ സഹോദരനാണോ?”
നേരത്തെ ഈ വിവരം അറിയാമെങ്കിലും അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
“അതെ, അന്ന് മോള് ഗിരിധറിന്റെ ടി.വി ഷോയില്‍ വിളിച്ചില്ലേ. പീറ്റര്‍ എന്റെ സ്വന്തം അനുജനാണ്. നാലാം ക്ലാസിലാണ് അന്നവര്‍ പഠിക്കുന്നത്. അപ്പന്‍ പള്ളിയിലെ കൈക്കാരന്‍ ആയതുകൊണ്ട് പീറ്ററിനെ ഈ ഗിരിധറൊക്കെ പഠിച്ചിരുന്ന കോണ്‍വെന്റ് സ്‌കൂളിലാണ് ചേര്‍ത്തത്. ഈ പണക്കാര് പിള്ളേര്‍ക്ക് അവനെ കണ്ണില്‍ പിടിച്ചില്ല. ഒരു പരീക്ഷയ്ക്ക് അവന്‍ ഒന്നാമനായത് ഗിരിധറിനെ ചൊടിപ്പിച്ചു. അവന്റെ രണ്ടു വിരല്‍ പിടിച്ച് ഒടിച്ചു. ഇഷ്ടിക കൊണ്ട് ചതച്ചരച്ചു. അങ്ങനെ അത് പഴുത്തു. അവസാനം മുറിച്ചുമാറ്റി. എന്റെ അനുജന്‍ അനുഭവിച്ച വേദന… ആ ചെറിയ വയസ്സില്‍ ആരോട് പറയാന്‍? ഇവന്റെ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. ചെറി എന്ന ചെറിയാന്‍. അവന്‍ ഏതോ അപകടത്തില്‍ കുറെ വര്‍ഷം മുന്‍പേ ഒടുങ്ങി. രണ്ടുപേരുംകൂടിയാണ് അപകടത്തില്‍പ്പെട്ടത്, ആയുസിന്റെ ബലം. ഗിരിധര്‍ രക്ഷപ്പെട്ടു. അതോടെ ഗിരിധറിന്റെ പത്തി ഒന്നുതാണു. ഐ.പി.എസ്. ഒക്കെ കിട്ടിയപ്പോള്‍ അയാള്‍ മാറി എന്നാണു ഞാന്‍ കരുതിയത്. ജാത്യ ഗുണം തൂത്താല്‍ പോകുമോ. ഇവന്റെ അപ്പനും ഒട്ടും മോശമല്ലായിരുന്നു.”
ഇത്രയും ഒക്കെ നടന്നിട്ടും പീറ്റര്‍ എന്ന് പറഞ്ഞിട്ട് ഗിരിധര്‍ അയാളെ തിരിച്ചറിയാഞ്ഞതു മഹാഗൗരിയെ അത്ഭുതപ്പെടുത്തി. അപ്പോള്‍ അയാള്‍ സഹജീവികള്‍ക്ക് എത്രത്തോളം മതിപ്പു കൊടുക്കുന്നു? ഇങ്ങനെയുള്ളവരുടെ കൈയില്‍ ഭരണം ചെന്ന് പെട്ടാല്‍? അയാളുടെ രാഷ്ട്രീയഭാവിക്കു തടസ്സങ്ങള്‍ ഇടണം.
മഹാഗൗരിയുടെ ഫോണിലേക്കു ഗിരിധറിന്റെ കാള്‍ വന്നു. അയാള്‍ ആക്രോശിക്കുകയായിരുന്നു: “നീ എന്താണ് ഗിരിധറിനെപ്പറ്റി ധരിച്ചു വെച്ചിരിക്കുന്നത്? നിന്റെ ഒരു ചാനല്‍ വെച്ച് എന്നെ അങ്ങ് തീര്‍ക്കാമെന്നോ? എനിക്കറിയാം ആരാണ് ഇതിന്റെ പിറകിലെന്ന്. സാമുവേല്‍ അല്ലേ? തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ അവന്‍ നിന്നെ ഇറക്കി കളിക്കുകയാ. എടീ നീ ചെവിയില്‍ നുള്ളിക്കോ?”
“എടി, പോടി എന്നൊക്കെ വിളിക്കുന്നത് സൂക്ഷിച്ചുവേണം. നടന്ന കാര്യമല്ലേ ഞങ്ങള്‍ പുറത്തു കൊണ്ടുവന്നത്? കുറച്ചുകൂടി മാന്യമായി സംസാരിച്ചുകൂടേ?”
“സംസാരിക്കാന്‍ നീ എന്നെ പഠിപ്പിക്കണ്ട. വെറും ഒരു മണിക്കൂര്‍ മതി എനിക്ക് നിന്നെയും നിന്റെ ചാനലിനെയും ഇല്ലാതാക്കാന്‍? പക്ഷേ, എപ്പോഴോ മനുഷ്യസഹജമായ ഒരിഷ്ടം നിന്നോട് തോന്നി. നിനക്ക് ഞാന്‍ ആറ് മണിക്കൂറു തരും, ഫോര്‍ജ്ഡ് ആയിരുന്നു ആ വീഡിയോ എന്നു പറയാന്‍. വൈകുന്നേരം ഏഴുമണിയുടെ വാര്‍ത്തയില്‍ അത് ഉണ്ടാകണം.”
“മിസ്റ്റര്‍ ഗിരിധര്‍, എന്നെ നിങ്ങള്‍ക്ക് ഇല്ലാതാക്കാം. എന്റെ ചാനലിന് തീവെക്കാം. പക്ഷേ, നിങ്ങള്‍ ഒരു കാര്യം മറന്നു. മഹാഗൗരി ഒരു ചാനല്‍ സി.ഇ.ഒ. മാത്രം അല്ല. ഒരു മീഡിയ സ്‌കൂള്‍കൂടി ഉണ്ടെനിക്ക്. ഒരു മഹാഗൗരി പോയാല്‍ മുന്നൂറു പേര് അവിടെനിന്നു വരും. യഥാര്‍ത്ഥ പത്രധര്‍മ്മം ഉള്ളിലുള്ള നൂറു പേരെങ്കിലും കാണും എനിക്ക് പുറകില്‍ എന്റെ കൂടെ. എനിക്കുശേഷവും ഒരു പുതു തലമുറ വരുന്നു. അവരെ ഒന്നും നിങ്ങള്‍ക്ക് വിലയ്ക്കു വാങ്ങാന്‍ സാധിക്കില്ല ബാക്കി അവര് നോക്കും.”
“ഛീ, വെക്കെടീ ഫോണ്‍.” അയാള്‍ ആക്രോശിച്ചു.
ആ അലര്‍ച്ചയില്‍ തന്റെ കൈയിലിരുന്ന ഫോണ്‍ തെറിച്ചു പോയെന്നവള്‍ കരുതി.
പക്ഷേ, മുഖത്ത് ഒരു ഭാവഭേദവുമില്ലാതെ അവള്‍ സാമുവേലിനെ നോക്കി.
“ഗിരിധര്‍ ആയിരുന്നു അല്ലേ? മോള് സൂക്ഷിക്കണം. ഞാനാണ് ഇതിന്റെ പുറകിലെന്ന് അയാള്‍ വിചാരിച്ചുവച്ചിരിക്കുന്നത്. അത് അങ്ങനെ തന്നെയിരിക്കട്ടെ.”
സാമുവേലിന്റെ സംസാരം കേട്ട് മഹാഗൗരി സ്ഥിരമായിട്ടുള്ള തന്റെ ഗൂഢമന്ദസ്മിതത്തോടെ അയാളെ നോക്കിയിരുന്നു.
“എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചോ. നമ്മള്‍ ഭരണപക്ഷത്തല്ല എന്നാലും കടപ്പുറം. നമ്മുടെ പിള്ളേരല്ലേ അവിടെ. പിന്നെ പീറ്ററിന്റെ സ്‌കൂളിലെ കുട്ടികളും അവന്‍ പഠിപ്പിച്ചു വിട്ടവരും ഒക്കെയുണ്ട്. ഇപ്പോഴും ഞാന്‍ തന്നെയാണ് ജനപ്രതിനിധി.”
അയാള്‍ ഇറങ്ങിപ്പോയപ്പോള്‍ ഒരു പെരുമഴ പെയ്തു തീര്‍ന്ന പോലെ തോന്നി.
മഹാഗൗരി നോട്ടം തിരിച്ചപ്പോള്‍ സി.സി.ടി.വിയില്‍ അവളുടെ മുറിക്കുനേരേ ഒരു വലിയ കല്ല് പാഞ്ഞു വരുന്നത് കണ്ടു.
തുടരും …
പുഷ്പമ്മ ചാണ്ടി