ന്യൂഡൽഹി: തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും HMPV സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തത് ആറ് HMPV കേസുകൾ ആണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികളാണ് ചികിത്സയിലുള്ളത്. ബംഗാളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ എട്ട് മാസം പ്രായമുള്ള ആൺകുട്ടിയാണ് ചികിത്സയിലുള്ളത്. നിലവിൽ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈ, ബംഗാൾ, ഗുജറാത്ത്, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. പനി, ജലദോഷം, ശരീരവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
രോഗമുണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ സജ്ജമാണെന്ന് ഐസിഎംആർ വ്യക്തമാക്കി. എന്നാൽ വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്‌ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസും അറിയിച്ചിട്ടുണ്ട്.
HMPV വൈറസിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പറഞ്ഞു. HMPV പുതിയ വൈറസല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജെ പി നദ്ദ പറഞ്ഞു. ഇന്ത്യയിൽ HMPV കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
2001-ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഈ രോഗം വർഷങ്ങളായി ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ഇത് എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കാം. മഞ്ഞുകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് വൈറസ് കൂടുതൽ പടരുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്തിടെ ചൈനയിൽ സ്ഥിരീകരിച്ച രോഗത്തിന്റെ കേസുകളും സ്ഥിതിഗതികളും ഇന്ത്യ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥിതിഗതികൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിന്റെ റിപ്പോർട്ട് ഉടൻ പങ്കിടുമെന്നും ജെപി നദ്ദ വ്യക്തമാക്കി.