Sunday, April 20, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » പി.വി അൻവർ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പി.വി അൻവർ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പി.വി അൻവർ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

by Editor
Mind Solutions

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത കേസിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പിവി അൻവർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തു. അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എയെ തവനൂര്‍ സെൻട്രൽ ജയിലില്‍ എത്തിച്ചു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. കഴിഞ്ഞദിവസം കരുളായി ഉൾവനത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചത്. സമരക്കാർ ഓഫിസിന്റെ പൂട്ട് തകർത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് നടപടി.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയ വിവരം അറിഞ്ഞ് ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചു. ഇപ്പുറത്ത് പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, അപ്പുറത്ത് എഡിജിപി അജിത് കുമാര്‍ എന്ന നിലയിലാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പി വി അന്‍വര്‍ ആരോപിച്ചു.

അൻവറിന്റെ അറസ്റ്റിൽ പിണറായി സർക്കാരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, രമേശ് ചെന്നിത്തല, മാത്യു കുഴൽനാടൻ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റിലെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെ പേരില്‍ പി വി അന്‍വറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.

ഒരു എംഎല്‍എയെ രാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സിപിഐഎമ്മിനെ എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പി വി അന്‍വറിനോട് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാരിനും അഭിപ്രായ വ്യത്യാസങ്ങള്‍ കാണും. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Top Selling AD Space

You may also like

error: Content is protected !!