ലോകത്തെ നടുക്കിയ സുനാമിദുരന്തത്തിന്റെ ഓര്‍മകള്‍ 20 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. കേരളത്തില്‍നിന്നടക്കം ലക്ഷകണക്കിന് ജീവനുകള്‍ സുനാമി അപഹരിച്ചു. 2004 ഡിസംബർ 26 -ന് ഉണ്ടായ ദുരന്തം ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ തുടങ്ങി പതിനഞ്ച് രാജ്യങ്ങളെയാണ് ബാധിച്ചത്. കേരളത്തില്‍ നിന്ന് മാത്രം കവര്‍ന്നത് 236 ജീവനുകളാണ്. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങളുണ്ടായത്.
റിക്‌ടര്‍ സ്‌കെയിലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുനാമിത്തിരകള്‍ക്ക് കാരണമായത്. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരമായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ലോകമെമ്പാടുമായി 226,408 ജീവനുകളാണ് ഈ രാക്ഷസത്തിരകള്‍ കവര്‍ന്നത്. പതിനെട്ട് ലക്ഷം പേര്‍ക്ക് ജനിച്ച വീടുകൾ നഷ്‌ടമായി. 460,000 വീടുകള്‍ ആണ് നശിച്ചത്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. 1,31,000 ആളുകൾ കൊല്ലപ്പെട്ടതോടെ ഇന്തോനേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തമായി ഇത് മാറി. 30 അടി വരെ ഉയരമുണ്ടായിരുന്ന തിരമാലകളാണ് അന്ന് കര തൊട്ടതു.