ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കി ഉത്തരവിറങ്ങി. രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറാകും. നിലവിൽ ബിഹാർ ഗവർണറാണ് ആർലെകർ. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ച വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആര്‍ലെകര്‍. 1980-കളില്‍ തന്നെ ഗോവ ബിജിപെയില്‍ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആര്‍ലെകറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015-ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആര്‍ലെകര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021-ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി.
മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്.
സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ എന്ന നിലയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. 2019 സെപ്റ്റംബർ 6-ന് ആണ് കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റത്. കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ സജീവ ഇടപെടലുകള്‍ നടത്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങുന്നത്. പി.സദാശിവത്തിന്റെ പിന്‍ഗാമിയായി എത്തിയ അദ്ദേഹം, പല വിഷയങ്ങളിലും സ്വീകരിച്ച അതിശക്തമായ നിലപാടുകള്‍ ഇടതുമുന്നണി സര്‍ക്കാരിനു വലിയ തലവേദനയാണു സൃഷ്ടിച്ചത്.