ക്രിസ്തുമസ് കാലത്ത് ലോകമെമ്പാടുമുള്ള കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു കഥാപാത്രമാണ് സാന്റാക്ലോസ്. തങ്ങള്‍ക്കുള്ള സമ്മാനപ്പൊതികളുമായി ക്രിസ്തുമസ് രാത്രിയിലെത്തുന്ന നരച്ച താടിയും ചുവന്ന മേലങ്കിയുമുള്ള ക്രിസ്തുമസ് അപ്പൂപ്പന്‍. ക്രിസ്മസ് കാലത്ത് എല്ലാ വ്യാപാരസ്ഥാപനങ്ങളുടെ മുമ്പിലും, മദ്യഷാപ്പുകളുടെ മുമ്പിൽപോലും ഈ വിചിത്ര രൂപം പ്രദർശിപ്പിച്ചിട്ടുണ്ടാവും. ക്രിസ്തുവിന്റെ ജനനവുമായി എന്തോ ബന്ധമുള്ള വ്യക്തി എന്ന ധാരണ പൊതുജന ഹൃദയത്തിൽ ഉയരുവാൻ അതു കാരണമാകുന്നു. ‘‘ക്രിസ്മസ് ഫാദർ’’ എന്ന പേരും കൂടി കേൾക്കുമ്പോൾ ബന്ധം കൂടുതൽ ഉറപ്പാക്കപ്പെടുകയാണ്.
ക്രിസ്തുമസ് അപ്പൂപ്പന്‍ ഒരു ഇതിഹാസ കഥാപാത്രം മാത്രമാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ സെയ്ന്റ് നിക്കോളാസ് എന്ന ചരിത്രപുരുഷനാണ് സാന്താക്ലോസ് എന്ന ഇതിഹാസ പുരുഷനെന്ന് ഭൂരിപക്ഷത്തിനും അറിയില്ല. നാലാം നൂറ്റാണ്ടില്‍ ടര്‍ക്കിയില്‍ – അന്നത്തെ പൗരസ്ത്യ റോമാസാമ്രാജ്യത്തില്‍ – ആണ് നിക്കോലോവാസ് ജീവിച്ചിരുന്നത്. ടര്‍ക്കിയിലെ ‘പത്താറ’ എന്ന സ്ഥലത്താണ് നിക്കോളാസ് പുണ്യവാളന്‍ ജനിച്ചത്. നിക്കോളാസ് ബാലനായിരിക്കുമ്പോൾത്തന്നെ വലിയ ഔദാര്യനിധിയായിരുന്നു. സാധുക്കളെപ്പറ്റി വലിയ സഹതാപവും മനസ്സലിവും പ്രകടമാക്കിയിരുന്നു. അവരെ സഹായിക്കുന്നതിൽ പ്രത്യേക സംതൃപ്തി കണ്ടെത്തി. ധാരാളം സമ്പത്തിനുടമയായ നിക്കോളാസ് അവയെല്ലാം വിട്ട് സഭയിലെ വൈദിക സേവനത്തിനു സന്നദ്ധനായി.
പത്തൊമ്പതാം വയസില്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്നു മയ്‌റാ (മൂറ) യുടെയും ലൈസിയായുടെയും മെത്രാനായി അഭിഷിക്തനായി. റോമാ ചക്രവർത്തി ഡയോക്ലീഷ്യന്റെ കാലത്ത് ക്രിസ്തീയ സഭയ്ക്ക് ഭീകരമായ പീഡനം ഏൽക്കേണ്ടിവന്നു. ആ ഘട്ടത്തിൽ നിക്കോളാസിനെ കാരാഗൃഹത്തിലടച്ചു. തന്റെ വിശ്വാസത്തിൽ നിന്നോ ആധ്യാത്മികതയിൽ നിന്നോ അദ്ദേഹം വ്യതിചലിച്ചില്ല. പിന്നീട് കുസ്തന്തീനോസ് ചക്രവർത്തിയായി വന്നപ്പോൾ പീഡനം അവസാനിപ്പിച്ച് ക്രിസ്തീയ സഭയ്ക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകി. തദവസരത്തിൽ നിക്കോളാസ് സ്വതന്ത്രനായി. എ.ഡി. 325–ൽ ചേർന്ന നിഖ്യാ സുന്നഹദോസിൽ അദ്ദേഹം സംബന്ധിച്ചതായി പറയപ്പെടുന്നു.
ക്രിസ്തുവര്‍ഷം 350-ല്‍ അതിവൃദ്ധതയിലാണ് സെയ്ന്റ് നിക്കോളാസ് സ്വാഭാവിക മരണം പ്രാപിച്ചത്. ടര്‍ക്കിയിലെ കാലെ എന്ന കടല്‍ത്തീര പട്ടണത്തിലെ സെയ്ന്റ് നിക്കോളാസ് പള്ളിയില്‍ ഇദ്ദേഹത്തിന്റെ ശവകുടീരം ഇന്നുമുണ്ട്. മയ്‌റായുടെ പുതിയ പേരാണ് കാലെ. ബൈസന്റയിന്‍ സഭകളില്‍ യാത്രക്കാരുടെ രക്ഷാപുരുഷനാണ് സെയ്ന്റ് നിക്കോളാസ്. അദ്ദേഹം പിന്നീട് റഷ്യ, ഗ്രീസ് എന്നീ രാജ്യങ്ങളിലെ ക്രിസ്തീയ സഭയുടെ Patron Saint എന്ന സ്ഥാനത്ത് അവരോധിക്കപ്പെട്ടു. മാത്രമല്ല, ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ മധ്യസ്ഥ പിതാവായും തീർന്നു. കുട്ടികളെ സ്‌നേഹിക്കുകയും അവരറിയാതെ അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കുകയും ചെയ്ത ഒരു വ്യക്തിയായാണ് സെയ്ന്റ് നിക്കോളാസിനെ അദ്ദേഹത്തിന്റെ ജീവചരിത്രം പഠിപ്പിക്കുന്നത്. ഈ ചരിത്ര വസ്തുതയാകണം പില്‍ക്കാലത്ത് ക്രിസ്തുമസ് രാത്രിയില്‍ സമ്മാനപ്പൊതികളുമായി എത്തുന്ന സാന്റാക്ലോസായി പ്രചരിച്ചത്.
മറ്റൊരു പ്രധാന കാര്യം അദ്ദേഹത്തിന്റെ തിരുശേഷിപ്പ് കേരളത്തിലുണ്ടെന്ന കാര്യം ആണ്. എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ പാമ്പാക്കുട സെയ്ന്റ് ജോണ്‍സ് ഓർത്തഡോക്സ് വലിയപള്ളിയുടെ മുമ്പിലുള്ള കുരിശടിയിലാണ് സെയ്ന്റ് നിക്കോളാസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്നത്. പുണ്യശ്ലോകനായ പരിശുദ്ധ പരുമല തിരുമേനിയാണ് സാന്താക്ലോസിന്റെ തിരുശേഷിപ്പ് പാമ്പാക്കുടയിൽ എത്തിച്ചത്. കേരളത്തില്‍ ക്രിസ്തുമസ് ഫാദര്‍ എന്ന സങ്കല്‍പ്പം പ്രചരിച്ചത് പാശ്ചാത്യര്‍, ആണ്. അതിനാല്‍ സുറിയാനി പാരമ്പര്യത്തിലൂടെ വന്ന തിരുശേഷിപ്പുമായി ആരും ബന്ധപ്പെടുത്തിയില്ല. പാമ്പാക്കുട എന്ന ഗ്രാമത്തില്‍ ആരും അറിയാതെ ആ തിരുശേഷിപ്പ് ഇപ്പോഴും സ്ഥിതി ചെയ്യുന്നു.