വാഷിങ്ടണ്‍: യുഎസിൽ നവംബര്‍ 5-ന് നടക്കുന്ന വിധിയെഴുത്തില്‍ ആരു തിരഞ്ഞെടുക്കപ്പെടും? വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. പരസ്പരം വിമർശങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും മുന്നേറുമ്പോൾ അഭിപ്രായ സർവ്വേകളുടെ ഫലവും മാറി മറിയുകയാണ്. ഏറ്റവും ഒടുവിലായി പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ്- സിയെന കോളജ് സർവ്വേ ഫലം പറയുന്നത് ഇരുവരും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചാണെന്നാണ്. സർവ്വേ ഫലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കും ഡൊമാക്രാറ്റ് സ്ഥാനാർഥിക്കും 48 ശതമാനം വീതമാണ് വോട്ട് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്തുവന്ന വാൾസ്ട്രീറ്റ് ജേണൽ വോട്ടെടുപ്പ് സർവ്വേ ഫലവും ഡൊമാക്രാറ്റ് ക്യാമ്പിനെ നിരാശപ്പെടുത്തുന്നതായിരുന്നു. ഹാരിസിനേക്കാൾ നേരിയ ലീഡ് ട്രംപ് നേടിയെന്നാണ് വാൾസ്ട്രീറ്റ് ജേണൽ സർവ്വേ ഫലം ചൂണ്ടികാട്ടിയത്. റോയിട്ടേഴ്‌സ് – ഇപ്‌സോസ് സര്‍വെഫലവും ട്രംപിന് പിന്തുണ വര്‍ധിച്ചതായാണ് വ്യക്തമാക്കിയത്. റോയിട്ടേഴ്‌സ് – ഇപ്‌സോസ് സര്‍വ്വേയിലും ട്രംപ് രണ്ട് പോയിന്റിന് മുന്നിലായിരുന്നു. 46% ആണ് ട്രംപിനുള്ള പിന്തുണയെങ്കില്‍ 44% ശതമാനമായിരുന്നു കമലയ്ക്കുള്ള പിന്തുണ. ജോ ബൈഡന്റെ പിന്മാറ്റത്തിനുശേഷം കമല ഹാരിസ് സ്ഥാനാര്‍ഥിയായതു മുതല്‍ അഭിപ്രായ സര്‍വ്വേകളില്‍ കമല നിലനിര്‍ത്തിപ്പോന്ന മുന്‍തൂക്കം തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കുറഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോൾ വരുന്ന അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.
2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അതേ ചോദ്യം 2024-ല്‍ വീണ്ടുമുയരുകയാണ്. അന്ന് ഹിലരി ക്ലിന്റനും ട്രംപും തമ്മിലായിരുന്നു മത്സരമെങ്കില്‍ ഇന്ന് ഹിലരിയുടെ സ്ഥാനത്ത് കമല ഹാരിസ്. മറുപക്ഷത്ത് രണ്ടാംവട്ടം യുഎസ് പ്രസിഡന്റ് പദവി തേടുന്ന ഡോണൾഡ് ട്രംപും. യുഎസ് സ്വീകരിക്കുന്ന നയങ്ങള്‍ ലോകത്തെയാകെ സ്വാധീനിക്കുമെന്നതിനാല്‍ യുഎസിന്റെ 47ാം പ്രസിഡന്റ് ആരെന്ന് ഉറ്റുനോക്കുകയാണു മറ്റു രാഷ്ട്രങ്ങളും.
നവംബര്‍ 5-നാണ് നേരിട്ടുള്ള വോട്ടെടുപ്പെങ്കിലും സെപ്റ്റംബര്‍ മുതല്‍ തന്നെ യുഎസില്‍ വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. തപാല്‍ വോട്ടും മുന്‍കൂര്‍ വോട്ടും യുഎസില്‍ സാധാരണയാണ്. ഇതുവരെ 3.2 കോടിപ്പേര്‍ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.