തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും, ചേലക്കരയിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസ് വിട്ട പി. സരിൻ പാലക്കാട് ഇടത് സ്ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്നത്തിനു പകരം സ്വാതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെയും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കരയിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട്ടിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സിപിഐ നേതാവ് സത്യൻ മൊകേരിയെ സി പി ഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു സരിൻ. എംബിബിഎസിനും സിവിൽ സർവീസിനും ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ സരിൻ കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായിരുന്നു. യു.ആര്‍.പ്രദീപ് നിലവില്‍ കേരള സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആണ്. 2016-ല്‍ 10,200 വോട്ടുകള്‍ക്കാണ് യു. ആര്‍. പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കെ.എ.തുളസിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്.
ഇടതുമുന്നണിയുമായി ഇടഞ്ഞു നിൽകുന്ന പി വി അൻവറും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എഐസിസി അംഗം എൻ കെ സുധീര്‍ മത്സരിക്കുമെന്ന് പി വി അൻവര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു. പാലക്കാട് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകൻ മിൻഹാജ് മത്സരിക്കും.
ബി ജെ പി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.