ന്യൂ ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് ധാരണ. ഇന്ത്യയും പാക്കിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ് ആദ്യം പ്രഖ്യാപനം നടത്തിയത്. യുഎസ് പ്രതിനിധികളുടെ മധ്യസ്ഥതയിൽ കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് വഴങ്ങിയതെന്നാണ് സൂചന.
ഇന്ത്യ – പാക്കിസ്‌ഥാൻ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ന് വൈകീട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര-വ്യോമ-സമുദ്ര മാർഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചുവെന്ന് വിക്രം മിശ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “പാക്ക് ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ ഉച്ചകഴിഞ്ഞ് 3.35-ന് വിളിച്ചിരുന്നു. കര, നാവിക, വ്യോമ മേഖലകളിൽ വെടിവയ്പ്പും സൈനിക നടപടികളും ഇന്ന് അഞ്ച് മണിമുതൽ നിർത്തിവയ്ക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ബന്ധപ്പെട്ടവർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12-ന് ഇരു ഡിജിഎംഒകളും വീണ്ടും ചർച്ച നടത്തും.” എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാക്കിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാക്കിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങൾക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്. ഇരുരാജ്യങ്ങളും അംഗീകരിക്കുന്ന വേദിയിൽ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു.
പാക്കിസ്ഥാന്റെ നുണ പ്രചാരണങ്ങൾ തള്ളി; പാക് സൈനിക കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും ഇന്ത്യ ആക്രമിച്ചു.