വാഷിങ്ടൻ: യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ വിവിധഭാഗങ്ങളിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെ മെയ്ൻ സ്‌റ്റേറ്റിലുള്ള ബാംഗർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു. ഏഴു പേർ മരിച്ചെന്നും ഒരു ജീവനക്കാരന് ഗുരുതര പരുക്കേറ്റെന്നും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ സ്ഥിരീകരിച്ചു. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്‌ച രാത്രി പ്രാദേശിക സമയം 7.45 ഓടെയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തിൽ പ്പെടുകയായിരുന്നുവെന്നാണ് വിവരം.
യുഎസിലുടനീളം ആഞ്ഞടിക്കുന്ന കനത്ത ഹിമക്കാറ്റിനെ തുടർന്ന് ഇതുവരെ 12 പേർ മരിച്ചതായാണ് റിപ്പോർട്ട്. കനത്ത മഞ്ഞുവീഴ്ച യാത്രകളെ തടസ്സപ്പെടുത്തുകയും ഗതാഗത ശൃംഖലകളെ താറുമാറാക്കുകയും ചെയ്തു. തെക്കൻ സംസ്ഥാനങ്ങൾ മുതൽ വടക്കുകിഴക്കൻ മേഖല വരെ ജനജീവിതം പൂർണമായും സ്‌തംഭിച്ച അവസ്ഥയിലാണ്. സ്ഥിതിഗതികൾ അതീവ ഗുരുതരമായതോടെ 21 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് കാലത്തിന് ശേഷം അമേരിക്കൻ വ്യോമഗതാഗത മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. ശനി, ഞായർ ദിവസങ്ങളിലായി 11,000-ത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. റൺവേകളിൽ മഞ്ഞ് അടിഞ്ഞുകൂടിയതും കാഴ്‌ചപരിധി കുറഞ്ഞതുമാണ് വിമാനങ്ങൾ നിലത്തിറക്കാൻ കാരണം. റോഡ് ഗതാഗതവും പലയിടത്തും അസാധ്യമായി.
കനത്ത കാറ്റിലും മഞ്ഞുവീഴ്‌ചയിലും വൈദ്യുതി ലൈനുകൾ തകരാറിലായതോടെ പത്ത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിലായി. ടെക്‌സസ്, ലൂസിയാന, മിസിസിപ്പി, ടെന്നസി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷം. കൊടുംതണുപ്പിൽ ഹീറ്ററുകൾ പോലും പ്രവർത്തിപ്പിക്കാനാവാത്തത് ജനങ്ങളെ വലയ്ക്കുന്നുണ്ട്. ലൂസിയാനയിലും ടെക്‌സസിലും തണുപ്പ് സഹിക്കാനാവാതെ (ഹൈപ്പോതെർമിയ) ആളുകൾ മരിച്ചതായി സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ തെരുവുകളിൽ കഴിയുന്നവരെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും വീടുകൾക്കുള്ളിൽ തന്നെ കഴിയാനും അധികൃതർ ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.



