സ്വർണ്ണതരികളടങ്ങിയ മണ്ണ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘത്തിലെ നാല് പേർ പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് (37), വിപുള്‍ മഞ്ചി (43), ധർമ്മേഷ് (38), കൃപേഷ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശികളാണ് തട്ടിപ്പിനിരയായത്.
പാലാരിവട്ടം നോർത്ത് ജനത റോഡിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ കൃത്രിമമായി തയ്യാറാക്കിയ “സ്വർണ്ണമണ്ണ്” വിൽക്കാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സ്വർണ്ണാഭരണ ഫാക്ടറിയിൽ നിന്നുള്ള തരികളടങ്ങിയ മണ്ണാണെന്ന് അവകാശപ്പെട്ട് അഞ്ഞൂറോളം ചാക്കുകൾ നിറച്ചിരുന്നതായി സംഘം പറഞ്ഞു. സംശയം ഒഴിവാക്കാൻ സാമ്പിളായി അഞ്ച് കിലോ മണ്ണ് പരിശോധിക്കാൻ അനുവദിക്കുകയും ചെയ്തു. ഇതിനായി പ്രത്യേകമായി തയ്യാറാക്കിയ ടേബിളിൽ, കൃത്രിമ ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണിൽ സ്വർണ്ണ ലായനി ചേർത്ത് വ്യാജ പരിശോധന ഫലം ഉണ്ടാക്കിയ പ്രതികൾ, ആദ്യ പരിശോധനയിൽ സ്വർണ്ണം ലഭിച്ചതിന്റെ ത്രില്ലിൽ തമിഴ്‌നാട് സ്വദേശികളിൽ നിന്ന് 50 ലക്ഷം രൂപയും രണ്ട് ചെക്കുകളും നേടി 5 ടൺ മണ്ണ് വിൽപ്പന നടത്തി.
സംശയം തോന്നിയ തമിഴ്‌നാട് സ്വദേശികൾ പൊലീസിനെ സമീപിച്ചതിനെ തുടർന്ന് കേസ് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ച ശേഷം, എസിപി പി. രാജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിനു മുമ്പും സമാനമായ തട്ടിപ്പുകളിൽ നടത്തിയിട്ടുണ്ട് എന്നതിനാൽ പ്രതികൾക്കെതിരെ തമിഴ്‌നാട് സേന്ദമംഗലത്തും എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്, കൂടുതൽ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.