Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » വെടിനിർത്തൽ നിലനിൽക്കെ ഗാസയിൽ ഇസ്രയേൽ ആക്രമണം; 31 മരണം

വെടിനിർത്തൽ നിലനിൽക്കെ ഗാസയിൽ ഇസ്രയേൽ ആക്രമണം; 31 മരണം

by Editor
Send your news and Advertisements

ഗാസ: വെടിനിർത്തൽ നിലനിൽക്കെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളുമടക്കം 31 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽ വന്നശേഷം ഗാസയിൽ ഏറ്റവുമധികം പേർ കൊല്ലപ്പെട്ട ആക്രമണമാണിത്. ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹമാസ്, ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇവരുടെ ഭാഗത്ത് നിന്ന് വെടിനിറുത്തൽ ലംഘനമുണ്ടായെന്നും ഇസ്രയേൽ പ്രതികരിച്ചു. ഗാസ സിറ്റിയിൽ ഹമാസ് നിയന്ത്രണത്തിലുള്ള ഷെയ്ഖ് റദ്വാൻ പൊലീസ് സ്റ്റേഷൻ, സമീപത്തുള്ള അപ്പാർട്മെൻറ്, ഖാൻ യൂനിസിൽ അഭയാർഥികൾ താമസിച്ചിരുന്ന ടെന്റ്, റഫയിൽ ഒരു തുരങ്കത്തിനു നേരേയും ഇസ്രായേൽ സേന ആക്രമണം നടത്തി.

2025 ഒക്ടോബർ 10-ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇപ്പോഴും ഔദ്യോഗികമായി തുടരുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിൽ വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം ഇതുവരെ 500-ലധികം ഫലസ്തീനികൾ ഇസ്രയേൽ വെടിവെപ്പിലും ബോംബാക്രമണത്തിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ഒക്ടോബറിൽ യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ഗാസയിൽ 71,600-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

അതേസമയം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തി ദീർഘനാളത്തെ അടച്ചിടലിന് ശേഷം പരിമിതമായി തുറന്നുകൊടുക്കാൻ ഇസ്രയേൽ തീരുമാനിച്ചിരുന്നു. ഇന്ന് തുറന്നു കൊടുക്കുന്ന ഇടനാഴിയിലൂടെ കാൽനടയാത്രക്കാർക്ക് മാത്രമാണ് നിലവിൽ പ്രവേശന അനുമതിയുള്ളത്. യുദ്ധകാലത്ത് ഗാസയിൽ നിന്ന് പലായനം ചെയ്തവർക്ക് തിരികെ വരാൻ ഇത് അവസരമൊരുക്കുന്നു. അതിർത്തിയുടെ പ്രവർത്തനം ഈജിപ്തുമായി ഏകോപിപ്പിച്ചും യൂറോപ്യൻ യൂണിയൻ (EU) മിഷന്റെ മേൽനോട്ടത്തിലുമായിരിക്കും നടക്കുക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെയും വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെയും ഭാഗമായാണ് ഈ നടപടി. ഗാസയിൽ ശേഷിച്ചിരുന്ന അവസാന ഇസ്രയേലി ബന്ദിയുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് ഇസ്രയേൽ ഇതിന് തയ്യാറായത്.

You may also like

error: Content is protected !!