മഡ്രിഡ്: 150 വര്‍ഷത്തെ സ്പെയിനിന്‍റെ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടു സ്പെയിനിന്‍റെ രാജ്ഞിയാകാൻ ഒരുങ്ങുകയാണ് ഫെലിപ്പെ ആറാമൻ രാജാവിന്‍റെയും ലെറ്റീസിയ രാജ്ഞിയുടേയും മകളായ ലിയോനോർ രാജകുമാരി. 1800-കളിൽ സ്‌പെയിൻ ഭരിച്ചിരുന്ന ഇസബെല്ല II രാജ്ഞിക്ക് ശേഷം ആദ്യമായി സ്‌പെയിനിന്റെ തലപ്പത്തെത്തുന്ന വനിതയാണ് 20-കാരിയായ ലിയോനോർ. പിതാവ് ഫെലിപ്പെ ആറാമൻ രാജാവ് സ്ഥാനമൊഴിയുകയോ മരണപ്പെടുകയോ ചെയ്താലാണ് ലിയോനോർ രാജകുമാരി സ്‌പെയിനിന്റെ രാജ്ഞി പദവിയിലെത്തുക. 2005 ഒക്ടോബർ 31ന് മാഡ്രിഡിൽ ജനിച്ച ലിയോനോറിന് സ്പെയിൻ സിംഹാസനത്തിന്‍റെ ഔദ്യോഗിക അവകാശി എന്ന നിലയിൽ പ്രിൻസസ് ഓഫ് ആസ്റ്റൂരിയാസ് എന്ന പദവി ലഭിച്ചിരുന്നു.
ജന്മനാ രാജപദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാൽ തന്നെ ലിയോനോറിന്‍റെ വിദ്യാഭ്യാസവും പരിശീലനങ്ങളും അതനുസരിച്ച് ചിട്ടപ്പെടുത്തിയിരുന്നു. മാഡ്രിഡിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം യുകെയിലെ പ്രശസ്തമായ യുഡബ്ല്യുസി അറ്റ്‌ലാന്‍റിക് കോളേജിൽ നിന്നാണ് ലിയോനോർ ഉപരിപഠനം പൂർത്തിയാക്കിയത്. ഭരണഘടനാ മൂല്യങ്ങൾ, നയതന്ത്രം, ആഗോള കാര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ലിയോനോറിന്റെ പഠനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പാനിഷിനു പുറമേ കറ്റാലൻ, ഇംഗ്ലിഷ്, ഫ്രഞ്ച്, അറബിക്, മന്‍റാരിൻ എന്നീ ഭാഷകളിലും ലിയോനോർ പരിജ്ഞാനം നേടിയിട്ടുണ്ട്.
പതിമൂന്നാം വയസ്സില്‍ പൊതുവേദിയെ അഭിമുഖീകരിച്ച് സംസാരിക്കുകയും പതിനഞ്ചാം വയസ്സ് മുതൽ തനിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു ലിയോനോര്‍ രാജകുമാരി. ഭാവിയിൽ സ്പാനിഷ് സായുധ സേനയുടെ സുപ്രീം കമാൻഡർ എന്ന പദവി കൂടി വഹിക്കേണ്ടതിനാൽ ലിയോനോർ കഠിനമായ സൈനിക പരിശീലനവും നേടിയിട്ടുണ്ട്. 2023-ൽ കരസേനയിൽ പരിശീലനം ആരംഭിച്ച രാജകുമാരി പിന്നീട് നാവികസേനയുടെ ഭാഗമായി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ 17,000 മൈൽ യാത്ര ചെയ്തു. 2025 ഡിസംബറിൽ ‘പിലാറ്റസ് PC-21’ വിമാനം ഒറ്റയ്ക്ക് പറത്തി ലിയോനോർ ചരിത്രം കുറിച്ചു. ഇത്തരത്തിൽ യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തുന്ന സ്പാനിഷ് രാജകുടുംബത്തിലെ ആദ്യ വനിതയാണ് ലിയോനോര്‍.
ലോകശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് സ്പെയിനിന്‍റെ രാജ്ഞിയാകാനൊരുങ്ങുകയാണ് ഇരുപതുകാരിയായ ‘നക്ഷത്രക്കണ്ണുള്ള രാജകുമാരി’. ഫെലിപ്പെ രാജാവ് സ്ഥാനം ഒഴിയുമ്പോഴോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമോ ലിയോണർ സ്പെയിനിന്റെ രാജ്ഞിയായി കിരീടധാരണം നടത്തും.



