മെൽബൺ: മെൽബണിലെ സൂപ്പർ മാർക്കറ്റുകളിൽ മോഷണം നടത്തി ഓൺലൈൻ വഴി വില്പന നടത്തി കോടികൾ സമ്പാദിച്ച ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന റാക്കറ്റ് പിടിയിൽ. 50 കോടി രൂപയുടെ മോഷണം നടത്തിയ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും താൽക്കാലിക, വിദ്യാർത്ഥി അല്ലെങ്കിൽ ബ്രിഡ്ജിംഗ് വിസയിലുള്ള ഇന്ത്യൻ പൗരന്മാരാണ്. ബേബി ഫോർമുല, മരുന്നുകൾ, വിറ്റാമിനുകൾ, ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ, ടോയ്‌ലറ്ററികൾ എന്നിവ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാണ് സംഘം മോഷ്ടിച്ചത്.
ബോക്സ് ഹിൽ ഡിവിഷണൽ റെസ്‌പോൺസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ ‘സുപനോവ’, എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ സൂപ്പർമാർക്കറ്റ് റീട്ടെയിലർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ 10 മില്യൺ ഡോളറിലധികം വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ചതായി കണ്ടെത്തി. സമീപ വർഷങ്ങളിൽ നടത്തിയ ഏറ്റവും വലിയ ഓപ്പറേഷനായാണ് പോലീസ് ഇതിനെ വിശേഷിപ്പിക്കുന്നത്. മോഷണം നടത്തുന്നവർ റിസീവർമാർ എന്ന് വിളിക്കുന്നവർക്ക് ഉൽപ്പന്നങ്ങൾ കൈമാറി അവർ പിന്നീട് ലാഭത്തിന് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായവരിൽ 20 വയസ് മാത്രമുള്ള മൂന്ന് ചെറുപ്പക്കാരും ഉൾപ്പെടുന്നു. ഇവർ മാത്രം ഒരു ലക്ഷം ഡോളർ വില വരുന്ന ഉൽപ്പന്നങ്ങൾ മോഷ്‌ടിച്ചതായി പോലീസ് പറഞ്ഞു.
നിരവധി മോഷണക്കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തി. പ്രതികളെ വരും ദിവസങ്ങളിൽ കോടതിയിൽ ഹാജരാക്കും. വിക്ടോറിയയിലെ റിടെയിൽ മോഷണത്തിൻ്റെ കണക്ക് കഴിഞ്ഞ വർഷം 38 ശതമാനത്തോളം ഉയർന്നിരുന്നു. 41000 ത്തിലധികം കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.