പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) 17 വർഷത്തിനുശേഷം ആദ്യമായി ലാഭത്തിലെത്തി. നടപ്പുസാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദമായ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകളിലാണ് 262 കോടി രൂപയുടെ ലാഭം. ലാഭത്തിൽ 80 കോടിയും കേരള സർക്കിളിലാണ്. 2007നുശേഷം ആദ്യമായാണ് ബിഎസ്എൻഎൽ ലാഭം നേടുന്നത്.
1,800 കോടിയിൽപരം രൂപയുടെ നഷ്ടം നികത്തിക്കൊണ്ടാണ് കഴിഞ്ഞപാദത്തിൽ ബിഎസ്എൻഎൽ ലാഭത്തിലേറിയത്. കമ്പനിയുടെ മൊബിലിറ്റി സേവന വരുമാനം 15 ശതമാനവും ഫൈബർ ടു ദ് ഹോം (FTTH) സേവന വരുമാനം 18 ശതമാനവും മറ്റ് ടെലികോം കമ്പനികളിൽ നിന്നുള്ള ലീസ്ഡ് ലൈൻ വരുമാനം 14 ശതമാനവും ഉയർന്നത് നേട്ടമായി. നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങി കമ്പനിയുടെ വിവിധ സേവനങ്ങളാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ. നടപ്പുവർഷം ആകെ 20% വരുമാന വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
എത്രയും വേഗം 5ജി സേവനം നൽകാൻ തയ്യാറാകുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ നിലവിലെ ലക്ഷ്യം. 4ജി സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ടിസിഎസിന്റെ സഹകരണത്തോടെ ഒരു ലക്ഷം സൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തിയിലാണ് കമ്പനി.
അതേസമയം ബിഎസ്‌എൻഎൽ പുതിയൊരു സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ അവതരിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 149 രൂപ വിലയുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിക്കും എന്നാണ് വിവരം. ഇത് സംഭവിച്ചാൽ ബിഎസ്‍എൻഎൽ സേവനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനായി കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും സുസ്ഥിരമായ വരുമാന വളർച്ച ഉറപ്പാക്കാനും സഹായിക്കും.