അമരാവതി: ആന്ധ്രാപ്രദേശിൽ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം. ഇന്ന് പുലർച്ചെ ആറ് മണിയോടെ മാർക്കാപുരം ജില്ലയിലെ രായവാരത്തിന് സമീപമാണ് അപകടം നടന്നത്. തെലങ്കാനയിലെ നിർമ്മലിൽ നിന്നും ആന്ധ്രയിലെ നെല്ലൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയും നിമിഷങ്ങൾക്കകം തീ ആളിപ്പടരുകയുമായിരുന്നു.
അപകടസമയത്ത് ബസിൽ നാല്പതോളം യാത്രക്കാരുണ്ടായിരുന്നു. 14 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. പുലർച്ചെയായതിനാൽ ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിന്റെ മുൻഭാഗം തകർന്ന് വാതിലുകൾ ജാം ആയതോടെ പലർക്കും പുറത്തിറങ്ങാനായില്ല. പുറകിലെ സീറ്റുകളിലിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.
അപകടത്തിൽ ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തീവ്ര ദുഃഖം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ അദ്ദേഹം ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങളെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

