തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയിൽ 250 കോടിയിൽപരം രൂപയുടെ കമ്മീഷൻ തട്ടിപ്പ് നടന്നതായി മുൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടിൽ പങ്കുണ്ട്. ഇതു സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തു വിട്ടു.
2019-24 കാലഘട്ടത്തിൽ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് അഞ്ച് വർഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്ക് നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു 316 ആക്കി. എന്നാൽ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രം. ചെലവ് വർധിച്ചിട്ടും കഴിഞ്ഞ തവണത്തേതിൻ്റെ പാതി തുകയിൽ, കൂടുതൽ ആംബുലൻസുകൾ ഓടിക്കാൻ കമ്പനിക്ക് കഴിയുമെങ്കിൽ 2019 ലെ പ്രത്യേക മന്ത്രിസഭ അനുമതിയുടെ കമ്മീഷൻ ഗുണഭോക്താക്കൾ ആരൊക്കെയെന്ന് വ്യക്തമാക്കണം എന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
തീവെട്ടിക്കൊള്ളയാണ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്തു നടന്നത്. സെക്കന്തരാബാദ് ആസ്‌ഥാനമായ ജിവികെ ഇഎംആർഐ എന്ന കമ്പനിക്കാണ് 2019 ൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി രണ്ടിരട്ടി തുകയ്ക്ക് കരാർ നൽകിയത്. ബഹുരാഷ്ട്ര കമ്പനിയായ ജിവികെ ഗ്രൂപ്പിൻ്റെ ഭാഗമാണ് ജിവികെ ഇഎംആർഐ. ആദ്യം ടെൻഡർ നൽകിയ രണ്ടു കമ്പനികളിൽ ഒന്നിനെ അയോഗ്യമാക്കിയ ശേഷം ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറിൽ ജിവികെ മാത്രമായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെൻഡർ അംഗീകരിക്കാൻ പ്രത്യേക കാബിനറ്റ് നടപടി എടുത്തു.
2019-ൽ ആംബുലൻസ് നടത്തിപ്പിന് ടെൻഡർ കൊടുത്ത ജിവികെ ഇഎംആർഐ രേഖപ്പെടുത്തിയ തുക യാതൊരു പരിശോധനയും കൂടാതെ മന്ത്രിസഭയുടെ മുമ്പാകെ വെച്ച് പ്രത്യേക അനുമതി നൽകുകയായിരുന്നു. ടെൻഡർ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പ്രത്യേക അനുമതി നൽകിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. അന്ന് 316 ആംബുലൻസുകൾ പ്രവർത്തിപ്പിക്കുന്നതിനാണ് 517 കോടി.
എന്നാൽ ഇക്കുറി ടെൻഡർ പ്രക്രിയയിൽ മറ്റു കമ്പനികളും പങ്കെടുത്ത് മത്സരം വന്നതോടെ 14 അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളും ആറ് നിയോനേറ്റൽ ആംബുലൻസുകളും അടക്കം 19 ആംബുലൻസുകൾ അധികമുണ്ടായിട്ടും ഈ കമ്പനി ക്വോട്ട് ചെയ്തത് 293 കോടി മാത്രം. ഇന്ധനവിലയിലും സ്പെയർപാർട്‌സ് വിലയിലും അഞ്ച് വർഷം മുമ്പത്തേക്കാൾ ഏതാണ്ട് 30 ശതമാനം വർധനവും കൂടുതൽ ആംബുലൻസുകളും ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ 43 ശതമാനം തുക കുറച്ചാണ് ഇപ്പോൾ ക്വോട്ട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ തവണ വൻതുക നൽകിയതെന്തിനാണ് എന്ന വിഷയത്തിൽ മുഖ്യമന്ത്രിയും മുൻ ആരോഗ്യ മന്ത്രിയും മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരു പദ്ധതിയുടെ നടത്തിപ്പിൻ്റെ അത്രയും തന്നെ തുക കമ്മിഷൻ അടിക്കുന്ന പ്രവർത്തനമാണ് ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. അനർട്ടിലും നടന്നത് പദ്ധതി ചെലവിന്റെ അത്രയും തന്നെ തുകയുടെ ക്രമക്കേടാണ്. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മീഷൻ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.