കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ. ഗൂഢാലോചന കേസ് കൂടി തെളിഞ്ഞതിനാലാണ് 10, 15 പ്രതികൾക്കും സിബിഐ പ്രത്യേക കോടതി ജഡ്ജി എൻ.ശേഷാദ്രിനാഥൻ ഇരട്ട ജീവപര്യന്തം വിധിച്ചത്.
മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തെളിവു നശിപ്പിക്കലും പ്രതികളെ സഹായിക്കലുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ. കൊലക്കുറ്റം തെളിഞ്ഞ പ്രതിയെ ബലംപ്രയോഗിച്ചു മോചിപ്പിച്ചു എന്നതാണു കുഞ്ഞിരാമൻ അടക്കം 4 പേർക്ക് 5 വർഷത്തെ തടവുശിക്ഷ വിധിക്കാൻ കാരണം.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സിപിഎം നിസ്സാരവൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സിബിഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ടി പി ചന്ദശേഖരൻ വധത്തിന് ശേഷം സിപിഎം ഏറ്റവും കൂടുതൽ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊലപാതകം.



