മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഹോളിവുഡ് താരം ഡകോട്ട ജോൺസൺ ദർശനം നടത്തി. നടിമാരായ സൊനാലി ബേന്ദ്ര, ഗായത്രി ജോഷി എന്നിവർക്കൊപ്പമാണ് താരം ദർശനം നടത്തിയത്. അമേരിക്കൻ നടിയായ ഡകോട്ട, ഇന്ത്യൻ വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. പങ്കാളി ക്രിസ് മാർട്ടിനൊപ്പം കഴിഞ്ഞ ദിവസമാണ് ഡകോട്ട ഇന്ത്യയിലെത്തിയത്. ലോകപ്രശസ്ത മ്യൂസിക് ബാൻഡായ കോൾഡ് പ്ലേയിലെ പ്രധാന ഗായകനാണ് ക്രിസ് മാർട്ടിൻ.
മുംബൈയിലെ ശ്രീ ബാബുൽനാഥ് ക്ഷേത്രത്തിൽ ഡകോട്ടയും ക്രിസ് മാർട്ടിനും നേരത്തെ ദർശനം നടത്തിയിരുന്നു. ജനുവരി 18 മുതൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കോൾഡ്പ്ലേയുടെ സംഗീതപരിപാടി നടക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ക്രിസ് മാർട്ടിനും പങ്കാളി ഡകോട്ടയും. മുംബൈയിലും അഹമ്മദാബാദിലുമാണ് ബാൻഡിന്റെ പ്രത്യേക കോൺസേർട്ട് നടക്കുന്നത്. ഇത് Disney+ Hotstarലൂടെ തത്സമയം സംപ്രേഷണം ചെയ്യും. ഫിഫ്റ്റി ഷേഡ്സ് ഫിലിം സീരീസുകളിലൂടെ ലോക പ്രശസ്തയായ നടിയാണ് ഡകോട്ട ജോൺസൺ. മാർവെൽ കോമിക്സിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച Madame Web ആണ് ഡകോട്ടയുടേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.