Monday, March 23, 2026
Home » ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനും ശ്രീനാഥ് ഭാസിക്കും എക്സൈസിന്റെ നോട്ടീസ്
ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം സിനിമാതാരങ്ങളിലേക്ക്.

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനും ശ്രീനാഥ് ഭാസിക്കും എക്സൈസിന്റെ നോട്ടീസ്

by Editor
Send your news and Advertisements

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാ താരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എക്സൈസ് നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും സുഹൃത്തുക്കളാണെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു. തസ്‌ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്സൈസിന് ലഭിച്ചിരുന്നു. ഇരുവരുമായി വാട്സ്അപ് ചാറ്റിലൂടെയും ഫോൺ‍വിളികളിലൂടെയും സംസാരിക്കാറുണ്ടെന്ന് പ്രതി പറഞ്ഞു. ശ്രീനാഥ് ഭാസിയുമായി വാട്സ്അപ് ചാറ്റിലൂടെയും ഷൈനുമായി ഫോണിലൂടെയുമാണ് സംസാരിക്കാറ്. ഇരുവരെയും കൂടാതെ സിനിമാ മേഖലയിലെ മറ്റുചിലരുമായും ബന്ധമുണ്ട്. ഇത് വ്യക്തമാക്കുന്ന ഫോൺരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. സിനിമാ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്‌ലീമ മൊഴി നല്‍കിയിരുന്നു. നടന്മാര്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായും തസ്‌ലീമ മൊഴി നല്‍കിയതായായിരുന്നു വിവരം. തസ്ലീമയുടെ ഭർത്താവിനെയും എക്സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട് -ആന്ധ്ര അതിര്‍ത്തിയില്‍ വെച്ചാണ് പിടികൂടിയത്. കേസിലെ മുഖ്യ കണ്ണിയായിരുന്നു ഇയാള്‍. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. ആലപ്പുഴയിലും വിതരണ സംവിധാനം ഉണ്ടാക്കിയതോടെ എക്സൈസിന്റെ പിടിവീഴുകയായിരുന്നു. കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചിട്ട് നാല് മാസം ആയെന്നും വില ഒത്തുപോകാത്തതിനാൽ പല സ്ഥലത്തായി സൂക്ഷിച്ചു വച്ചിരിക്കുകയാണെന്നും തസ്‌ലിമ ചോദ്യം ചെയ്യലിൽ പറഞ്ഞു.

You may also like

error: Content is protected !!