റിയാദ്: സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി യൂണിഫോം നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവിറക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം ആണ് ഈ മാറ്റം നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സർക്കാർ-സ്വകാര്യ സ്കൂളുകളിലെ എല്ലാ ആണ്‍ വിദ്യാർത്ഥികൾക്കും ഈ നിയമം ബാധകമാണ്. സൗദി വിദ്യാർത്ഥികൾ തങ്ങളുടെ പരമ്പരാഗത വേഷമായ ‘തോബ്’ ധരിക്കേണ്ടതായിരിക്കുമെന്നും അതിനൊപ്പം ഗുത്ര അല്ലെങ്കിൽ ഷിമാഗ് എന്ന ശിരോവസ്ത്രവും ധരിക്കണം. പ്രവാസികളുടെ മക്കൾക്കും ഈ നിയമം ബാധകമായിരിക്കും, എന്നാൽ അവർക്കു ശിരോവസ്ത്രം നിർബന്ധമല്ല, കൂടാതെ വിദേശ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഈ നിയമം ബാധകമല്ല എന്ന് അധികൃതർ വ്യക്തമാക്കി.
വിദ്യാർത്ഥികളിൽ ദേശീയ ഐക്യവും, സാംസ്‌കാരിക പൈതൃകത്തോടുള്ള അഭിമാനവും വളർത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യമെന്നും വിശ്വാസ്യതയും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ശക്തിപ്പെടുത്തുന്നതിനുള്ള ഭാഗമായാണ് പുതിയ യൂണിഫോം നിർദേശമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഈ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. എന്നാൽ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ബോധവൽക്കരിക്കപ്പെടുത്തുന്നുണ്ട്. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും ദേശീയ അഭിമാനവും പൈതൃകവും സംരക്ഷിക്കുന്നതിൽ ഇതിന്റെ പങ്കും വിശദീകരിക്കുന്ന ക്യാംപയിൻ സർക്കാരിന്റെ ഭാഗമായിരിക്കും.
സൗദി ഐഡന്റിറ്റിയുടെ വിപുലീകരണത്തിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നയിക്കുന്ന ‘വിഷൻ 2030’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം. യുവതലമുറയിൽ ദേശീയതയുടെ സവിശേഷതകളെയും, സാംസ്കാരിക പൈതൃകത്തെയും ആഴത്തിൽ പകരുക എന്നതാണ് പ്രധാന ലക്ഷ്യം.
“ദേശീയ ബോധം ചെറുപ്പം മുതൽ തന്നെ ഉണർത്തുന്നതിനായി ഈ സംരംഭം ഒരുങ്ങുന്നു. കുട്ടികൾക്ക് അവരുടെ സംസ്‌കാരത്തോടുള്ള അഭിമാനവും ദൃഢനിശ്ചയവുമുള്ള പൗരന്മാരായി വളരാൻ ഇത് സഹായിക്കും,” – വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഈ പുതിയ മാറ്റം സൗദിയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. വിദ്യാർത്ഥികളിൽ അറബ് പൈതൃകവും ദേശസ്നേഹവും വളർത്തുന്ന ഈ പുതിയ നീക്കത്തിനെതിരെ മതിയായ അവബോധം നൽകുക എന്നതിൽ സർക്കാരും സ്കൂളുകളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ദേശീയ യൂണിഫോം നിർബന്ധമാക്കാനുള്ള ഈ തീരുമാനം സൗദി സമൂഹത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട് .