ന്യൂഡൽഹി: സമഗ്രമായ റെയിൽവേ സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ‘സ്വാറെയിൽ’ (SwaRail) എന്ന ‘സൂപ്പർആപ്പ്’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം. റെയിൽവേ സേവനങ്ങൾ ഒരൊറ്റ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്‌ഫോമിലേക്ക് കേന്ദ്രീകരിക്കാൻ രൂപകൽപ്പന ചെയ്ത ആപ്ലിക്കേഷനാണിത്. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പരീക്ഷണാടിസ്ഥനത്തില്‍ ആയതുകൊണ്ട് തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണത്തിന് പരിധിനിശ്ചയിച്ചിട്ടുണ്ട്. ബീറ്റ ടെസ്റ്റിന്റെ ഭാഗമായി 1000 പേര്‍ക്കാണ് ആപ്പ് നിലവില്‍ ഡൗണ്‍ലോഡ് ചെയ്യാനാകുക. ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിലയിരുത്തി പിന്നീട് 10000 പേര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തില്‍ ആപ്പ് വീണ്ടും പുറത്തിറക്കും. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ആപ്പ് വികസിപ്പിച്ചത്.
റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റുകളുടെ വിവരങ്ങൾ, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ആക്‌സസ് ചെയ്യൽ, സീസൺ പാസുകൾ എടുക്കൽ തുടങ്ങി എല്ലാ സേവനങ്ങളും ഈ ആപ്പ് വഴി ചെയ്യാൻ സാധിക്കും. തത്സമയ പിഎൻആർ സ്റ്റാറ്റസ് ട്രാക്കിംഗ്, സീറ്റ് ലഭ്യത പരിശോധിക്കൽ, ട്രെയിൻ ഷെഡ്യൂളിംഗുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുൽ എന്നീ കാര്യങ്ങൾ ആപ്പ് എളുപ്പമാക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതിലുപരി പാഴ്സൽ, ചരക്കുകൾ എന്നിവ ട്രാക്ക് ചെയ്യുന്നതിനും, ഐആർസിടിസി ഇ-കാറ്ററിംഗിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനും ആപ്പ് സഹായിക്കും. എല്ലാ റെയിൽവേ സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ സമന്വയിപ്പിച്ച് റെയിൽവേയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുകയാണ് സ്വാറെയിൽ ആപ്പിന്റെ ലക്ഷ്യം. നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ടെസ്റ്റ് ഫ്ലൈറ്റിലും ബീറ്റാ ടെസ്റ്റിംഗിനായി SwaRail SuperApp പുറത്തിറക്കിയിട്ടുണ്ട്.