സ്പേഡെക്സ് (SpaDeX) ദൗത്യത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങളുടെ അൺഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കി ഇസ്രോ. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ യാത്രയിൽ നിർണായകമായ ചുവടുവെപ്പാണിത്. സ്‌പെയ്‌ഡെക്‌സ് ദൗത്യത്തിലൂടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിച്ച ഉപഗ്രഹങ്ങളെയാണ് വിജയകരമായി വേർപിരിച്ചതായി (അൺഡോക്കിങ്) ഐഎസ്ആർഒ അറിയിച്ചത്. ചരിത്രനേട്ടത്തിൽ ഐഎസ്ആർഒയെ കേന്ദ്ര ശാസ്ത്ര – സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
2024 ഡിസംബർ 30-നായിരുന്നു SpaDeX ദൗത്യം വിക്ഷേപിച്ചത്. ഉപഗ്രഹങ്ങളുടെ ഒത്തുചേരൽ, ഡോക്കിംഗ്, അൺഡോക്കിംഗ് എന്നിവ ഘട്ടം ഘട്ടമായി പരീക്ഷിക്കുന്നതിനുള്ള ദൗത്യമാണ് SpaDeX. കഴിഞ്ഞ ജനുവരിയിലാണ് ഡോക്കിംഗ് പ്രക്രിയ നടന്നത്. വളരെ സങ്കീർണമായ ദൗത്യമായാണ് ഡോക്കിംഗ്, അൺഡോക്കിംഗ് പ്രക്രിയയെ കണക്കാക്കുന്നത്. കൂട്ടിയിടി ഒഴിവാക്കി രണ്ട് ഉപഗ്രഹങ്ങളെ ഡോക്ക് ചെയ്യുകയെന്നതാണ് വെല്ലുവിളി. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ സ്റ്റേഷൻ, ചന്ദ്രയാൻ-4, ഗഗൻയാൻ എന്നിവ ഉൾപ്പെടെയുള്ള വൻ ദൗത്യങ്ങളുടെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നതാണ് സ്‌പേഡെക്‌സ് ദൗത്യമെന്നാണ് വിലയിരുത്തൽ.