കോട്ടയം: ഗവ. നഴ്സിങ് കോളജിൽ റാഗിങ് നടത്തിയ അഞ്ചു വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കി ഉള്‍പ്പെടെ സീനിയേഴ്സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റാഗിങ്ങിനിരയായ വിദ്യാര്‍ത്ഥികള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി സീനിയേഴ്സ് തങ്ങളെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സീനിയേഴ്സിന്റെ ഭീഷണി ഭയന്ന് ഇവര്‍ ആദ്യമൊന്നും ഇത് ആരോടും പറഞ്ഞില്ല. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു.