ദുബൈ: ദുബൈയില്‍ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍പ്പെട്ട് മലയാളി യുവ എഞ്ചിനീയര്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി വേലൂര്‍ ഒലെക്കേങ്കില്‍ വീട്ടില്‍ ഐസക് പോള്‍ (29) ആണ് മരിച്ചത്. ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരൻ ഐവിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും അവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബലിപെരുന്നാള്‍ അവധി ആഘോഷിക്കാനായി കുടുംബത്തോടൊപ്പം ജുമൈറ ബീച്ചിൽ എത്തിയതാണ് ഐസക്. വെള്ളിയാഴ്ച രാവിലെ സ്‌കൂബ ഡൈവിങ്ങിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.
വെള്ളത്തിനടിയില്‍ ഡൈവിങ് ചെയ്യുമ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ വരികയും തുടര്‍ന്ന് ഐസകിന് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നെന്നാണ് വിവരം. ഐസക് പോളിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോള്‍-ഷീജ ദമ്പതികളുടെ മകനാണ് ഐസക് പോള്‍. ദുബൈ അലെക് എന്‍ജീനിയറിങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഐസക്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുകയായിരുന്നു.