വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഫലം ഉണ്ടായില്ല എന്ന് അറിയിച്ചുകൊണ്ട് സിസ്റ്റൈൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് കറുത്ത പുക ഉയർന്നു. കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ ബുധനാഴ്ച തിരഞ്ഞെടുക്കാനായില്ല. വെളുത്ത പുക മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതിൻ്റെയും കറുത്ത പുക മാർപാപ്പ തിരഞ്ഞെടുക്കപ്പെടാത്തതിന്റെയും സൂചനയാണ്. വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുത്തത്. 89 വോട്ട് ലഭിക്കുന്നയാൾ ആഗോള കത്തോലിക്കാസഭയുടെ ഇടയനാകും.
വോട്ടെടുപ്പ് വ്യാഴാഴ്‌ച തുടരും. പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കപ്പെടുന്നതുവരെ ചാപ്പലിലെ കർദ്ദിനാൾമാർക്ക് പുറം ലോകവുമായി യാതൊരു ആശയവിനിമയവും ഉണ്ടാവില്ല. ആയിരക്കണക്കിനാളുകളാണ് സെൻ്റ്. പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചുകൂടി. ഏതാണ്ട് മൂന്ന് മണിക്കൂറോളമാണ് വിശ്വാസികൾ വോട്ടെടുപ്പിൻ്റെ ഫലം അറിയാനായി കാത്തുനിന്നത്.
നിലവിലുള്ള കാനോൻ നിയമപ്രകാരം 80 വയസ്സിൽത്താഴെ പ്രായമുള്ള കർദിനാൾമാർക്കാണ് പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ളത്. ബാലറ്റ് പേപ്പറുകളിൽ ഓരോ സമ്മതിദായകനും മാർപാപ്പയാവുന്നതിന് തങ്ങൾ തിരഞ്ഞെടുത്ത കർദിനാളിന്റെ പേര് എഴുതും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇന്ന് ഒരു തവണയേ വോട്ടെടുപ്പ് നടന്നുള്ളു. ഇന്ന് നടന്ന വോട്ടെടുപ്പിൽ മാർപാപ്പ തിരഞ്ഞെടുത്തില്ലെങ്കിലും, ആരൊക്കെയാണ് പരിഗണിക്കപ്പെടുന്നതെന്ന സൂചന കോൺക്ലേവ് അംഗങ്ങൾക്ക് ലഭിക്കാം.
വ്യാഴാവ്‌ച മുതൽ ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും മൂന്ന് വീതം ആകെ നാല് തവണ വോട്ടെടുപ്പ് ഉണ്ടാകും. ആദ്യമായി ഇത്തവണയാണ് 120 ൽ ഏറെപ്പേർ വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. എണ്ണത്തിലെ വർധന ഒരാൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലെത്തുന്നത് നീണ്ടുപോകാൻ കാരണമാകാം. എന്നാൽ കോൺക്ലേവ് നീണ്ടുപോകുന്നത് സഭയിൽ ഭിന്നത സൃഷ്‌ടിക്കുമെന്നും അത് ഒഴിവാക്കാനെന്നോണം ആദ്യ മൂന്ന് ദിവസത്തിനകം തീരുമാനത്തിലെത്താനുള്ള ശ്രമം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. 2013 ൽ രണ്ടാം ദിവസത്തെ അവസാനവട്ട വോട്ടെടുപ്പിലാണ് ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
കോൺക്ലേവിന് മുന്നോടിയായി കർദിനാൾമാർ 12 തവണ യോഗം ചേർന്നിരുന്നു.