സിഡ്നി: അവസാന മത്സരത്തിൽ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ബോർഡർ – ഗവാസ്‌കർ പരമ്പര സ്വന്തമാക്കി. മൂന്നാം ദിനം 162 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 58-3 എന്ന സ്കോറില്‍ പതറിയെങ്കിലും ഉസ്മാന്‍ ഖവാജയുടെയും ട്രാവിസ് ഹെഡിന്‍റെയും ബ്യൂ വെബ്സ്റ്ററുടെയും ബാറ്റിംഗ് മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. മത്സരത്തിനിടെ പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുമ്രയുടെ അഭാവം ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് ബൗളിംഗിലുടനീളം പ്രകടമായിരുന്നു. പരമ്പരയിൽ മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു ബുമ്രയ്‌ക്ക് പരിക്ക് മൂലം കളം വിടേണ്ടി വന്നത്. മത്സരത്തിലാകെ 10 വിക്കറ്റെടുത്ത സ്കോട് ബോളണ്ടാണ് കളിയിലെ കേമൻ. ജസ്പ്രീത് ബുമ്ര പരമ്പരയുടെ താരമായി.
സ്കോര്‍ ഇന്ത്യ 185, 157, ഓസ്ട്രേലിയ 181, 162-4.
ഇതോടെ, ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ശേഷം ബോർഡർ –ഗാവസ്കർ ട്രോഫി ഓസ്ട്രേലിയയുടെ കൈകളിലെത്തി. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ 3–1നാണ് ഓസീസിന്റെ വിജയം. അതിലുപരി, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഈ വർഷം ജൂണിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുമെന്നും ഉറപ്പായി. സിഡ്നി ടെസ്റ്റിൽ ജയിച്ചാൽ മാത്രം ഫൈനൽ കളിക്കാൻ ഇന്ത്യയ്‌ക്കുണ്ടായിരുന്ന നേരിയ സാധ്യത, മത്സരം തോറ്റതോടെ അവസാനിച്ചു.