Tuesday, March 24, 2026
Home » ‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി സതീശന്‍
വി.ഡി. സതീശൻ

‘സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് സ്വയം പുകഴ്ത്തല്‍ ‘; പരിഹാസിച്ച് വി ഡി സതീശന്‍

by Editor
Send your news and Advertisements

കോട്ടയം: സംസ്ഥാന സർക്കാർ നാലാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട്, സ്വയം പുകഴ്ത്തൽ റിപ്പോർട്ടാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എന്ത് ചെയ്തില്ല എന്ന് ഇത് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ദേശീയപാത പൊളിഞ്ഞ് വിഴുന്നത് പോലെ സര്‍ക്കാരിന്റെ വ്യാജ നിര്‍മ്മിതികളും പൊളിഞ്ഞു വീഴുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

റിപ്പോർട്ടിലെ ഏറ്റവും വലിയ അവകാശവാദം ദേശീയപാതാ നിർമാണമാണ്. റിപ്പോർട്ട് അച്ചടിച്ചതിനുശേഷമാണ് പാതയിൽ വിള്ളൽ വീണത്. അടുത്ത മഴയിൽ ഇനിയും വിള്ളൽ വീഴും. ക്രെഡിറ്റെടുക്കാൻ നിന്നവരെ ഇപ്പോൾ കാണാനില്ല. റീൽസെടുക്കുന്നവർ വിള്ളൽ വീണ സ്ഥലത്ത് പോയി എടുത്താൽ നന്നായിരിക്കുമെന്നും സതീശൻ പരിഹസിച്ചു. കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

ദേശീയപാതയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില വര്‍ധിപ്പിച്ചത് യുപിഎ സര്‍ക്കാരാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അശാസ്ത്രീയ നിര്‍മ്മിതികളാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയപാതയില്‍ നൂറിലധികം വിള്ളലാണുള്ളത്. പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നു വീണോ – അദ്ദേഹം ചോദിച്ചു. കെ ഫോണ്‍ പദ്ധതിയും വിജയിച്ചില്ലെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ കൊടുക്കുമെന്നാണ് പറഞ്ഞത്. 6000ത്തിലേറെ കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ കണക്ഷന്‍ കൊടുക്കാന്‍ സാധിച്ചത്. ബിഎസ്എന്‍എല്ലില്‍ നിന്നും സേവനം എടുത്താണ് കെഫോണ്‍ നല്‍കുന്നത്. ഇടുക്കി പാക്കേജും വയനാട് പാക്കേജും നടപ്പാക്കാനായില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് 28,000 കോവിഡ് മരണം സർക്കാർ മറച്ചുവെച്ചു. കടക്കെണി ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പണം ഉണ്ടെങ്കിൽ ആശുപത്രിയിൽ മരുന്ന് കൊണ്ടുവരാനുള്ള സംവിധാനമുണ്ടാക്കണം. കെഎംഎസ്‌സിഎല്ലിന് പണം നൽകാത്തതുകൊണ്ടാണ് മരുന്നില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. വികസനകാര്യങ്ങളിൽ എട്ടുകാലി മമ്മൂഞ്ഞാണ് ഇടതുസർക്കാർ. തങ്ങൾ ഒരു പദ്ധതിയെ മാത്രമേ എതിർത്തിട്ടുള്ളൂ. അത് കെ-റെയിൽ മാത്രമാണ്. കെ-റെയിൽ വന്നാൽ കേരളത്തിൽ പാരിസ്ഥിതിക ദുരന്തമുണ്ടാകും. അതിനാലാണ് തങ്ങൾ എതിർത്തതെന്നും സതീശൻ പറഞ്ഞു.

പ്രോഗ്രസ് റിപ്പോര്‍ട്ട് പൊള്ളയാണെന്നും തുടര്‍ഭരണത്തിന് വേണ്ടി കച്ച കെട്ടിയിറങ്ങി തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വിമര്‍ശിച്ചു.

ഇടത് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പിണറായി വിജയൻ.

You may also like

error: Content is protected !!