തൃശ്ശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയില്‍. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലിവിയയെ പിടികൂടാൻ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബംഗ്ലൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്ന ലിവിയ സഹോദരിയുടെ ഭർതൃമാതാവ് ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ നാരായണദാസ് അറസ്റ്റിലായതിന് പിന്നാലെയാണ് ലിവിയയുടെ പങ്ക് തെളിയുന്നത്. തുടർന്ന് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ദുബൈയിലേക്ക് പോവുകയായിരുന്നു. അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി ലിവിയയെ നാളെ കേരളത്തിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
2023 മാർച്ച് 27-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ സ്കൂട്ടറിൽ നിന്ന് എൽഎസ്‌ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഇവർ 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. എന്നാൽ ഷീലയിൽ നിന്ന് ലഭിച്ച വസ്തുക്കളുടെ രാസ പരിശോധന ഫലത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍പ്പെടുത്തിയതിൽ ഗൂഢാലോചനക്കുറ്റമാണ് പ്രതി എംഎന്‍ നാരായണദാസിനെതിരെ എക്സൈസ് ചുമത്തിയത്. ഷീല സണ്ണിയുടെ മകൻ്റെ ഭാര്യയുടെ സഹോദരി ബെംഗളുരുവില്‍ വിദ്യാര്‍ഥിനിയായിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് യുവതിയുടെ അടുത്ത സുഹൃത്തായ നാരായണദാസ് ഷീല സണ്ണിയുടെ ബാഗിൽ വ്യാജ എൽഎസ്‌ഡി സ്റ്റാമ്പ് വെച്ചതും എക്സൈസിന് വിവരം കൈമാറിയതും. എക്സൈസ് ഇന്‍സ്പെക്ടർക്ക് ഇന്റര്‍നെറ്റ് കോളിലൂടെ ലഹരി സ്റ്റാംപിന്റെ വിവരങ്ങള്‍ കൈമാറിയത് എംഎന്‍ നാരായണദാസ് ആണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.