Tuesday, March 24, 2026
Home » ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു
ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

ശുഭാംശു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു

by Editor
Send your news and Advertisements

ഫ്ളോറിഡ: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള നാലംഗ ആക്‌സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിൽ പ്രവേശിച്ചു. 28 മണിക്കൂറെടുത്ത യാത്രയ്ക്ക് ശേഷം ഇന്നലെ വൈകുന്നേരം നാലിനാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക് ചെയ്‌തത്. ഇരു പേടകങ്ങളിലെയും മർദ്ദവും മറ്റ് ചില സാങ്കേതിക നടപടി ക്രമങ്ങളും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്‌ചർ പ്രക്രീയയ്ക്ക് ശേഷമാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്.

ഇന്ത്യൻ സമയം 6 മണിക്ക് യാത്രികർ ഡ്രാഗൺ പേടകത്തിൽനിന്ന് നിലയത്തിലേക്കു പ്രവേശിച്ചു. ബഹിരാകാശ നിലയത്തിലുള്ളവർ ഇവരെ സ്വീകരിച്ചു. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്പേസിൻ്റെ ഹ്യൂമൻ സ്പേസ് ഫ്ളൈറ്റ് ഡയറക്‌ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റ് യാത്രികർ. ആക്സിയം സ്പേസിൻ്റെ യൂട്യൂബ് ചാനലിൽ പേടകം നിലയവുമായി ഡോക്ക് ചെയ്യുന്നതിന്റേയും സംഘം നിലയത്തിലേക്ക് പ്രവേശിക്കുന്നതിൻറെയും ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ സന്ദർശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്സിയം സ്പേസ്. 2022 ലാണ് ആക്‌സിയം സ്പേസ് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ ബഹിരാകാശ നിലയത്തിലെത്തിച്ചത്. ഐഎസ്ആർഒയുടെ പിന്തുണയോടെയാണ് ആക്സിയം സ്പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തിൽ ഇന്ത്യൻ വ്യോമ സേന പൈലറ്റായ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും. 1984 ൽ ബഹിരാകാശ യാത്രനടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരൻ.

23 രാജ്യങ്ങളിൽ നിന്നായി 280 പേരാണ് ഇതുവരെ ബഹിരാകാശ നിലയത്തിലെത്തിയിട്ടുള്ളത്. ഇന്ത്യൻ വംശജരായ സഞ്ചാരികൾ ഇതിന് മുമ്പ് നിലയത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യൻ പതാക സ്പേസ് സ്യൂട്ടിൽ ധരിച്ച് ഐഎസ്ആർഒയുടെ ഒരു സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിക്കുന്നത് ആദ്യമായാണ്.

You may also like

error: Content is protected !!