Mantis Partners Sydney
Friday, February 6, 2026
Mantis Partners Sydney
Home » വൈകിയുദിച്ച വിവേകം, ആത്മാർത്ഥമെങ്കിൽ സ്വാ​ഗതം ചെയ്യുന്നു; ഭിന്നിച്ച് നിൽക്കാനാണെങ്കിൽ പള്ളികൾ തിരികെ നൽകണം: ഓർത്തഡോക്സ്‌ സഭ
വൈകിയുദിച്ച വിവേകം, ആത്മാർത്ഥമെങ്കിൽ സ്വാ​ഗതം ചെയ്യുന്നു; ഭിന്നിച്ച് നിൽക്കാനാണെങ്കിൽ പള്ളികൾ തിരികെ നൽകണം: ഓർത്തഡോക്സ്‌ സഭ

വൈകിയുദിച്ച വിവേകം, ആത്മാർത്ഥമെങ്കിൽ സ്വാ​ഗതം ചെയ്യുന്നു; ഭിന്നിച്ച് നിൽക്കാനാണെങ്കിൽ പള്ളികൾ തിരികെ നൽകണം: ഓർത്തഡോക്സ്‌ സഭ

by Editor

കൊച്ചി: യാക്കോബായ സഭയുടെ ചർച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ. യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ മലങ്കര സഭയിലെ തർക്കങ്ങളെല്ലാം തുടങ്ങിവച്ചത് യാക്കോബായ സഭയാണെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. ഒപ്പം രണ്ട് സഭകളായി തുടരാനാണ് ശ്രമമെങ്കിൽ കൈവശം വെച്ച പള്ളികൾ തിരികെ നൽകണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു. സിറിയക് ഓർത്തഡോക്സ്‌ (യാക്കോബായ) സഭയുടെ പുതിയ മഫ്രിയാനോ ബസേലിയോസ് ജോസഫ്  ബാവയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രോപോലിത്താ.

എത്രയോ കാലങ്ങളായി മലങ്കരസഭ ഇക്കാര്യം ആവശ്യപ്പെടുന്നു. ആരോട് ക്ഷമിച്ചാലും ദേവലോകത്തെ കാതോലിക്കയോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ അദ്ദേ​​ഹത്തിന്റെ നാവിൽ നിന്ന് തന്നെ സമാധാനത്തിന്റെ സ്വരമുയർന്നത് നന്നായി. ആത്മാർത്ഥതയോടെയാണ് പറഞ്ഞതെങ്കിൽ മലങ്കരയിൽ സമാധാനമുണ്ടാകും. കേസുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവർ ഈ കേസുകൾക്കെല്ലാം തുടക്കം കുറിച്ചത് ആരാണെന്നത് വിസ്മരിക്കരുത്. മലങ്കരസഭയെ കേസുകളിലേക്ക് വലിച്ചിട്ടത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വിഭാ​ഗമാണ്. ചരിത്രത്തെ വിസ്മരിച്ച് ബദൽ ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.

നിയമം അനുസരിച്ചാൽ വ്യവഹാരങ്ങൾ അവസാനിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ മാത്രമാണ് കേസുകൾ ഉണ്ടായിട്ടുള്ളത്. കാഞ്ഞിരമറ്റം പള്ളിയിൽ നിയമം ലംഘിച്ചതിനാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തത്. കോടതി വിലക്കുള്ള സ്ഥലത്ത് പ്രവേശിച്ച ശേഷം കേസുണ്ടാകുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല. പ്രവേശന വിലക്കുള്ള സ്ഥലത്ത് അനധികൃതമായി കടക്കാതിരിക്കുക എന്നതാണ് സമാന്യ മര്യാദ. ആർക്കെങ്കിലുമെതിരെ കേസുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിൽ അവർ അത്രയുമധികം തവണ നിയമം ലംഘിച്ചെന്ന് വേണം മനസിലാക്കാൻ.

1934 -ലെ ഭരണഘടനയെ അം​ഗീകരിക്കുന്നുവെന്ന് ബഹുമാനപ്പെട്ട കോടതി മുൻപാകെ സത്യവാങ്മൂലം എഴുതിക്കൊടുത്ത മെത്രാപ്പോലീത്താമാരിൽ ഒരാളാണ് അഭി.ജോസഫ് മാർ ​ഗ്രി​ഗോറിയോസ് തിരുമേനി. എന്നാൽ പിന്നീട് അദ്ദേഹം ഭാരതത്തിന്റെ നിയമസംവിധാനങ്ങളെയും, നീതിപീഠം അം​ഗീകരിച്ച ഭരണഘടനയെയും ധിക്കരിച്ച് പ്രവർത്തിക്കുന്നതാണ് കണ്ടിട്ടുള്ളത്. ചർച്ചകളുണ്ടാകേണ്ടത് രാജ്യത്തിന്റെ നിയമം അംഗീകരിക്കുന്നവർ തമ്മിലാകണമല്ലോ. അത് വ്യക്തമായി പറയുവാൻ അദ്ദേഹം സന്ന​ദ്ധനാകണം. സമാധാനത്തിലേക്ക് പ്രവേശിക്കാനുള്ള ആദ്യപടി രാജ്യത്തിന്റെ നിയമത്തെ അം​ഗീകരിക്കുക എന്നതാണ്.

രാജ്യത്തെ നിയമത്തെ അം​ഗീകരിച്ചുള്ള സമാധാനത്തിന് തയാറല്ലെങ്കിൽ അക്കാര്യവും അദ്ദേഹം വ്യക്തമാക്കണം. പൂർണമായും മറ്റൊരുസഭയായി നിലകൊള്ളാനാണ് തീരുമാനമെങ്കിൽ കൈയ്യേറി വെച്ചിരിക്കുന്ന പള്ളികൾ തിരികെ നൽകുക എന്നതാണ് ഉചിതം. മലങ്കരസഭയ്ക്കൊപ്പം നിലകൊള്ളാൻ ആ​ഗ്രഹിക്കുന്ന വിശ്വാസിസമൂഹത്തെ അടർത്തിമാറ്റരുത്. നിയമം നടപ്പാക്കിയ പള്ളികൾ പിടിച്ചെടുക്കപ്പെട്ടു എന്ന വ്യാഖ്യാനം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പള്ളികൾ യഥാർത്ഥ അവകാശികളിലേക്ക് വന്നുചേരുകയാണ് ചെയ്തത്. വ്യവഹാരരഹിത മലങ്കരസഭ എന്ന ഏവരുടെയും അഭിലാഷം പൂവണിയാൻ നമുക്ക് ക്രൈസ്തവ മാർ​ഗത്തിലൂടെ ‌ ശ്രമിക്കാാം. മലങ്കര ഓർത്തഡോക്സ് സഭ പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്നതും ഇതേ ആശയമാണ് എന്നും യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രോപോലിത്താ പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!