181
ചെന്നൈ: തമിഴ്നാട്ടിൽ നടന്ന വാഹന അപകടത്തിൽ നാല് മലയാളികൾ മരിച്ചു. വേളാങ്കണ്ണിയിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, രാഹുൽ, സജിത്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നിവാന്‍, തമിഴ്നാട് സർക്കാരിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ തിരുവാരൂരിന് സമീപം തിരുത്തുറൈപൂണ്ടിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. നാഗപട്ടണത്തുനിന്ന് രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസുമായാണ് ഓമ്‌നിവാന്‍ കൂട്ടിയിടിച്ചത്. ഏഴുപേരായിരുന്നു ഓമ്‌നി വാനിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


