ടെൽഅവീവ്: ഗാസയിൽ 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ മോചിപ്പിച്ച് ഹമാസ്. ബന്ദികളാക്കപ്പെട്ട റോമി ഗോനെൻ, എമിലി ദമാരി, ഡോറോൺ സ്റ്റെയ്ൻബ്രെച്ചർ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേൽ അതിർത്തിയിലെത്തിച്ചത്. തുടർന്ന് ടെൽ അവീവിലെത്തിച്ചു. ഇവരുടെ ആരോഗ്യനില ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഇസ്രായേൽ സേന അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാർ പ്രകാരം ദിവസവും മൂന്ന് ബന്ദികളെയാണ് മോചിപ്പിക്കുന്നത്. മൂന്നു പേരെ മോചിപ്പിച്ചതിനു പകരമായി ഇസ്രയേലിൽ തടവിലുള്ള 90 പലസ്തീൻകാരെയും മോചിപ്പിച്ചു.
മടങ്ങിയെത്തുന്ന മൂവരെയും സ്നേഹത്തോടെ സ്വീകരിക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു. ബാക്കിയുള്ള എല്ലാ ബന്ദികളെയും കാണാതായവരെയും തിരികെയെത്തിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയിൽ പറയുന്നു. ബന്ദികളെ ഇസ്രയേൽ സൈന്യത്തിനു കൈമാറിയ വാർത്തയറിഞ്ഞതോടെ ഇസ്രയേലിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു.
15 മാസം നീണ്ടുനിന്ന ഏറ്റുമുട്ടലുകൾക്കാണ് ഇസ്രയേൽ – ഹമാസ് സമാധാന കരാറോടെ അവസാനമാകുന്നത്. ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കി. 2023 ഒക്ടോബർ 7-നായിരുന്നു ഇസ്രയേലിനെതിരെ ഹമാസ് സായുധ സംഘത്തിന്‍റെ ആക്രമണം. ലക്ഷ്യം പട്ടാളക്കാർ മാത്രമായിരുന്നില്ല, അവധി ദിവസം ആഘോഷിക്കുകയായിരുന്നവരെ ഹമാസ് നിർദ്ദയം കൊന്നൊടുക്കി. 1200-ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കപ്പെട്ടു. ചരിത്രത്തിലെങ്ങും ഇസ്രയേൽ അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി ഘട്ടമായിരുന്നു അത്. ആദ്യം പകച്ചെങ്കിലും ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങി. ഗാസ സിറ്റിയിൽ നിന്ന് ഒഴിഞ്ഞു പോവാൻ സാധാരണക്കാരോട് നെതന്യാഹു മുന്നറിയിപ്പ് നൽകി. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ തുടർച്ചയായ ആക്രമണങ്ങളുടേതായിരുന്നു. നവംബർ 21-ന് ഏഴ് ദിവസത്തെ താൽകാലിക വെടിനിർത്തൽ ഉണ്ടായി. ചില ബന്ദികളെ പരസ്പരം കൈമാറി. ഡിസംബർ ഒന്ന് മുതൽ ആക്രമണം പൂർവാധികം ശക്തമായി. തെക്കൻ ഗാസയിൽ കരയുദ്ധവും ഇസ്രായേൽ തുടങ്ങി. ഡിസംബറിന്‍റെ തുടക്കം സമാധാനശ്രമങ്ങളുടേതായിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉൾപ്പെടെയുള്ളവർ ചർച്ചകൾക്ക് ശ്രമിച്ചുകൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് നിയുക്ത പ്രസിഡന്‍റ് ട്രംപ് ആവർത്തിച്ചു. ഇതിനിടയിലെല്ലാം ആക്രമണം തുടർന്നു കൊണ്ടിരുന്നു.
ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ ഹമാസിന്റെ ഉന്നത നേതാക്കളടക്കം 46,913 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,10,750 പരുക്കേറ്റു. യുദ്ധം മൂലം ഗാസയുടെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും 23 ലക്ഷത്തോളം വരുന്ന ജനങ്ങളിലേറെയും ഭവനരഹിതരാകുകയും ചെയ്തു. ഗാസയിലെ യുദ്ധത്തിൽ 400 സൈനികർ കൊല്ലപ്പെട്ടെന്നാണു ഇസ്രയേൽ കണക്ക്. ഒടുവിൽ ജനുവരി 15-ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം ലഭിച്ചു. അതാണ് ഇന്നലെ പ്രാബല്യത്തിലും വന്നത്.
അതേസമയം, വെടിനിർത്തൽ കരാർ ഒരിക്കലും ഇസ്രായേലിന്റെ ലക്ഷ്യത്തെ അവസാനിപ്പിക്കുന്നതല്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി അറിയിച്ചു. ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും തിരിച്ചെത്തിക്കും. ഹമാസിന്റെ സൈനിക കേന്ദ്രം തകർക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. ഗാസയെ ഹമാസ് കയ്യടിക്കിവച്ചിരിക്കുന്ന കാലത്തോളം സാമാധാനവും സുരക്ഷയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാർ താത്കാലികമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന വെടിനിർത്തൽ കരാറിനിടെ ഹമാസ് ചട്ടലംഘനം നടത്തിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.