വിദേശത്ത് മെഡിക്കൽ ബിരുദം നേടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി മുതൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET UG) യോഗ്യത നിർബന്ധമായിരിക്കും. സുപ്രീം കോടതി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) 2018-ൽ കൊണ്ടുവന്ന ഈ നിയമം ശരിവച്ചു.
നീറ്റ് യോഗ്യതയുടെ നിബന്ധന, വിദേശത്ത് മെഡിസിൻ പഠിച്ച് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു മാത്രമേ ബാധകമാകൂ. എന്നാൽ, നീറ്റ് ഇല്ലാതെ തന്നെ വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാനും അവിടത്തന്നെ ജോലി ചെയ്യാനും വിദ്യാർത്ഥികൾക്ക് കഴിയും.
നീറ്റ് യുജി നിർബന്ധമാക്കുന്നത് ന്യായവും സുതാര്യവുമായ നടപടിയാണെന്നും അതിൽ നിയമപരമായ വ്യവസ്ഥകളൊന്നും ലംഘിക്കുന്നില്ലെന്നും കോടതി വിധിച്ചു. ഇത് മെഡിക്കൽ വിദ്യാഭ്യാസ നിലവാരത്തിൽ ഏകീകൃതത ഉറപ്പാക്കുന്നതുമാണ്, 1997-ലെ ഗ്രാജുവേറ്റ് മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങളുമായി ഇത് പൊരുത്തപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി.
1956 -ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ടിൽ ഭേദഗതി വരുത്താതെയാണ് ഈ നിബന്ധന കൊണ്ടുവന്നതെന്ന് നിയമത്തെ ചോദ്യം ചെയ്ത വിദ്യാർത്ഥികൾ വാദിച്ചു. എന്നാൽ, ഐ.എം.സി ആക്ടിന്റെ സെക്ഷൻ 33 പ്രകാരം നിയമനം നടപ്പിലാക്കാൻ എംസിഐക്ക് അധികാരമുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ് ഇല്ലാതെ പ്രവേശനം നേടിയവർക്ക് ഒറ്റത്തവണ ഇളവിനായി സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി നിരസിച്ചു. നിയമം നിലവിൽ വന്നതിനു ശേഷം വിദേശത്ത് പ്രവേശനം നേടിയവർക്ക് ഇത് പാലിക്കാതിരിക്കാൻ കഴിയില്ല എന്നുമാണ് കോടതി നിലപാട്.
നീറ്റ് യു ജിയുടെ നിർബന്ധമായ യോഗ്യതാ മാനദണ്ഡം ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. വിദേശത്ത് മെഡിക്കൽ ബിരുദം നേടാൻ ആഗ്രഹിക്കുന്നവർ ഇതിനായി മുന്നൊരുക്കം നടത്തേണ്ടതുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.