മലപ്പുറം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ തന്ത്രിയായി ശ്രീരുദ്ര ഗായത്രി മാറി. മലപ്പുറം തവനൂരിൽ നടന്ന ഭാരതപ്പുഴയുടെ ഉത്സവമായ മാഘമക മഹോത്സവത്തിലാണ് ശ്രീരുദ്ര ഗായത്രി കാർമികത്വം വഹിച്ചത്. മാമാങ്കത്തിന് സാക്ഷ്യം വഹിച്ചിരുന്ന നിളാതീരം ശ്രീരുദ്ര ഗായത്രിയുടെ കർമ്മങ്ങളിലൂടെ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് കൂടിയാണ് സാക്ഷിയായത്. ത്രിമൂർത്തി സ്നാനഘട്ടമായ തവനൂരിൽ ഈ മാസം 13 നായിരുന്നു മാഘമക മഹോത്സവം നടന്നത്. ഇതിന്റെ ഭാഗമായി നടന്ന അതിവിശേഷമായ ശ്രീചക്ര യാഗത്തിന് താന്ത്രികത്വം വഹിച്ചത് ഈ ഒൻപതുകാരിയായിരുന്നു. നിരവധി സന്യാസിവര്യൻമാരും ആത്മീയ ആചാര്യൻമാരും ഇത്തവണത്തെ മാഘമക മഹോത്സവത്തിൽ സംബന്ധിച്ചിരുന്നു. വൻ ഭക്തജന പങ്കാളിത്തത്തോടെ നടന്ന നിള ആരതിയോടെയാണ് മഹോത്സവം സമാപിച്ചത്.
മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ചെയർമാൻ മൂകാംബിക സജി പോറ്റിയുടെ മകളാണ് ശ്രീരുദ്ര. പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലെ മകം തിരുന്നാൾ കേരള വർമ്മ രാജയാണ് ശ്രീരുദ്ര ഗായത്രിയെന്ന പേര് നൽകിയത്. രണ്ട് വയസ്സു മുതൽ തന്നെ കൊച്ചു മിടുക്കി പിതാവിനൊപ്പം യാഗങ്ങളിലും പൂജകളിലും പങ്കെടുത്തിരുന്നു. മൂന്നാം വയസ് പൂർത്തിയായ സമയത്താണ് ആദ്യമായി ഗണപതി ഹോമം നടത്തിയത്. അഞ്ചാം വയസിൽ തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരിക്കുന്ന കൊച്ചു കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ തന്ത്രിയായി സ്ഥാനമേറ്റു. ശ്രീരുദ്ര ഗായത്രിയുടെ താന്ത്രിക മികവിന് അടയാളമായി താന്ത്രിക കുലശ്രേഷ്ഠ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കൊല്ലം പത്തനാപുരം മാലൂര്‍ കരിമ്പാലൂരിലാണ് ശ്രീരുദ്രയും കുടുംബവും താമസിക്കുന്നത്.