ലോകത്തിലെ ഏറ്റവും ചെറിയ പേസ് മേക്കർ നിർമ്മിച്ച് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ. 1.8 മില്ലിമീറ്റർ വീതിയും 3.5 മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ കനവും മാത്രമുള്ള ഈ ഉപകരണം ഒരു അരിമണിയേക്കാൾ ചെറുതാണ്. ഇതിനേപ്പറ്റിയുള്ള വിവരങ്ങള്‍ നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവജാത ശിശുക്കള്‍ക്ക് വേണ്ടിയുള്ള താത്കാലിക പേസ്‌മേക്കറായാണ് ഇതിനെ വികസിപ്പിച്ചത്.
എല്ലാ വലിപ്പത്തിലുള്ള ഹൃദയങ്ങളിലും ഈ കുഞ്ഞൻ പേസ് മേക്കർ പ്രവർത്തിക്കുമെങ്കിലും ജന്മനാ ഹൃദയ വൈകല്യങ്ങളുള്ള നവജാത ശിശുക്കളുടെ ചെറുതും ദുർബലവുമായ ഹൃദയങ്ങൾക്ക് ഇത് അനുയോജ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവില്‍ ഉപയോഗിക്കുന്ന വയറുകളുള്ള പേസ്‌മേക്കറുകള്‍ സ്ഥാപിക്കാന്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ വേണ്ടിവരും. മാത്രമല്ല കാലാവധി കഴിഞ്ഞാലോ, അല്ലെങ്കില്‍ ഉപയോഗം ആവശ്യമില്ലാതെ വന്നാലൊ ഇത് ശരീരത്തില്‍ നിന്ന് മാറ്റണമെങ്കിലും വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് കൂടി വിധേയരാകേണ്ടി വരും. എന്നാല്‍ പുതിയ പേസ്‌മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരുമെന്നതാണ് പ്രത്യേകത.
മൃഗങ്ങളില്‍ പരീക്ഷിച്ചതിന് ശേഷം മനുഷ്യരിലും പരീക്ഷിച്ചുറപ്പുവരുത്തി. കൃത്യമായ ഇടവേളയില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ ഈ കുഞ്ഞന്‍ പേസ്‌മേക്കര്‍ സഹായിക്കുമെന്ന് തെളിയിച്ചു. പുതിയ പേസ്‌മേക്കര്‍ മുതിര്‍ന്നവരിലും ഉപയോഗിക്കാനാകുമോ എന്ന പരീക്ഷണമാണ് ഇനി നടക്കാന്‍ പോകുന്നത്. ഇത് വിജയകരമായാല്‍ പുതിയ വിപ്ലവമാണ് നടക്കുക.