ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ. പുതിയ ട്രെയിനുകളും, വന്ദേ ഭാരത് പോലെ ലോകോത്തര നിലവാരത്തിലുള്ള അതിവേഗ സർവീസുകളുമെല്ലാം റെയിൽവെയുടെ മുഖച്ഛായ തന്നെ മാറ്റിക്കുറിച്ചിരിക്കുന്നു. ഇപ്പോഴിതാ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവെ. മാർച്ച് 31 ഓടെ ഹരിയാനയിലെ ജിന്ദ്-സോണിപത്ത് റൂട്ടിൽ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. റെയിൽവേ ഗതാഗതം ഡീസലിൽ നിന്ന് ഇലക്ട്രിക് എഞ്ചിനുകളിലേക്ക് മാറിയതിന് ശേഷമുള്ള സുപ്രധാന ചുവടുവെപ്പാണിത്. നിലവിൽ നാല് രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ മാസം അവസാനത്തോടെ പട്ടികയിൽ ഇന്ത്യയും ഇടം നേടും.
1,200 കുതിര ശക്തിയുടെ (HP) കരുത്ത് ആവാഹിക്കുന്ന ലോകത്തെ തന്നെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനാണ് ഇന്ത്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് ലോകരാജ്യങ്ങളുടെ ഹൈഡ്രജൻ ട്രെയിനുകളുടെ എൻജിൻ ശേഷി 600/800 ഹോഴ്സ് പവർ ആയിരിക്കുന്നിടത്താണ്, ഇതിന്റെ ഏതാണ്ട് ഇരട്ടി പവറിൽ ഇന്ത്യയുടെ ട്രെയിൻ അവതരിക്കുന്നത്.
ട്രെയിനിന് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. ആറ് ബോഗികളുള്ള ട്രെയിനിന് 2,638 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും ഹൈഡ്രജൻ സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനായി രൂപകൽപന ചെയ്ത മൂന്ന് പ്രത്യേക കോച്ചുകളും ഇന്ധന സെൽ കൺവെർട്ടറുകൾ, ബാറ്ററികൾ, എയർ റിസർവോയറുകൾ തുടങ്ങിയ നൂതന സംവിധാനങ്ങളും ട്രെയിനിൽ സജ്ജീകരിച്ചിട്ടുണ്ട്.
‘ഹൈഡ്രോജൻ ഫോർ ഹെറിറ്റേജ്”എന്ന പദ്ധതിയുടെ ഭാഗമായി പൈതൃക-മലയോര റൂട്ടുകളിലിലായി 35 ട്രെയിനുകളാണ് അവതരിപ്പിക്കുന്നത്. ഒരു ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കാൻ 150 കോടി രൂപയോളം ചെലവ് വരും. ഇതിൽ 70 കോടി അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ്. കാർബൺ രഹിതം, ഉയർന്ന ഊർജ്ജ കാര്യക്ഷമത, മെയ്ൻ്റനൻസ് കുറവ്, ശബ്‌ദരഹിതം എന്നിവ ഇതിന്റെ സവിശേഷതകളാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയതും ഏറ്റവും കൂടുതൽ പവർ ഉള്ളതുമായി ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലേത്.