കീവ്: റഷ്യന്‍ യുദ്ധവിമാനം യുക്രൈന്‍ ഡ്രോണ്‍ ഉപയോഗിച്ച് വെടിവച്ചിട്ടു. റഷ്യയുടെ എസ്.യു-30 യുദ്ധവിമാനത്തിനെയാണ് സീ ഡ്രോണില്‍ നിന്ന് തൊടുത്ത മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത്. യുക്രൈൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. യുക്രൈന്‍ സ്വന്തമായി വികസിപ്പിച്ച മാഗുറ എന്ന മറൈന്‍ ഡ്രോണാണ് ചരിത്രം രചിച്ചത്. കരിങ്കടലിലെ നൊവൊറോസിസ്‌ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. നേരത്തെ രണ്ട് റഷ്യന്‍ ഹെലികോപ്റ്ററുകള്‍ ഇതേ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി യുക്രൈന്‍ അവകാശപ്പെട്ടിരുന്നു. റഷ്യയ്ക്ക് പരമാവധി നാശനഷ്ടങ്ങള്‍ ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണത്തിലൂടെ യുക്രൈന്‍ ഉണ്ടാക്കുന്നുണ്ട്. അതേസമയം യുക്രൈന്‍ അവകാശവാദത്തോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രൈന്റെ റഷ്യ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ആണവായുധം പ്രയോഗിക്കേണ്ട സാഹചര്യമില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. തന്റെ 25 വർഷത്തെ ഭരണത്തെക്കുറിച്ച് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ ഒരുക്കിയ പരിപാടിയിൽ സംസാരിക്കവെയായിരുന്നു പുടിന്റെ പ്രതികരണം. യുക്രൈനുമായുള്ള സംഘർഷം യുക്തിസഹമായ അവസാനത്തിലേക്ക് നയിക്കാനുള്ള ശക്തിയും മാർഗവും റഷ്യക്കുണ്ടെന്നും പുടിൻ പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് പതിനായിരക്കണക്കിന് സൈനികരെ റഷ്യ യുക്രൈയ്‌നിലേക്ക് വിന്യസിച്ചത്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് റഷ്യൻ സൈന്യം പിൻമാറിയെങ്കിലും യുക്രൈന്റെ 20 ശതമാനം പ്രദേശങ്ങളും റഷ്യൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റായ ശേഷം യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈസ്റ്റർ ദിനത്തിൽ റഷ്യ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. താൽകാലിക വെടിനിർത്തൽ കരാറിന്റെ സമയം അവസാനിച്ചതിന് പിന്നാലെ യുക്രൈനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചിരുന്നു. യുക്രൈനുമായി യുദ്ധം ആരംഭിച്ച് മൂന്ന് വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് പുടിൻ അറിയിക്കുന്നത്.