നാടകത്തെയും പുസ്തകത്തെയും നെഞ്ചേറ്റിയത് പിന്നീടാണ്. ആദ്യ പ്രണയം സിനിമയോടായിരുന്നു. വീട്ടിനടുത്ത് തന്നെ ഒരു സിനിമാ തീയറ്ററുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ അമ്മയേയും അനിയനേയും എന്നെയും കൂട്ടി സിനിമ കാണാൻ പോകുമായിരുന്നു. രാത്രി ഉറങ്ങാൻ കിടന്നാൽ ടാക്കീസിൽ നിന്ന് സംഭാഷണങ്ങൾ ഉറക്കെ കേൾക്കാം. അങ്ങനെ കാണാത്ത സിനിമകളും മന:പാഠമായിട്ടുണ്ട്.
നന്നേ ചെറുപ്പത്തിൽ സ്റ്റണ്ട് സിനിമകളോടായിരുന്നു പ്രിയം. നായകന്മാർ വില്ലന്മാരെ അടിച്ചു വീഴ്ത്തുന്നത് ശരിക്കും തന്നെയാണെന്ന് വിചാരിച്ചിരുന്നു അന്ന്. എന്തു തന്നെയായാലും അവസാനം നായകൻ ജയിക്കുന്ന കഥകളായിരുന്നു അധികവും. അതു കൊണ്ട് ജയം വലിയ കഴിവാണെന്നും തോൽവി ഒരു കഴിവുകേടാന്നും തോന്നിച്ചു ആ സിനിമകൾ.
നസീർ, ജയൻ, കമലഹാസൻ, സോമൻ, സുകുമാരൻ എന്നും പിന്നീട് ശങ്കർ, മോഹൻലാൽ, റഹ്മാൻ, മമ്മൂട്ടി എന്നും താരാരാധനയും പേറി നടന്ന എൻ്റെ ബാല്യത്തെ തിരക്കഥാകൃത്തിനെയും സംവിധായകനെയും നോക്കിയാണ് സിനിമ കാണേണ്ടത് എന്ന് പഠിപ്പിച്ചത് എംടിയാണ്. എം ടി സിനിമകളിലൂടെയാണ് ഞാൻ സാഹിത്യ പ്രണയത്തിലേക്ക് കാലെടുത്തു വച്ചത്. ജയിക്കുന്ന മനുഷ്യരുടെ സന്തോഷത്തേക്കാൾ തോൽക്കുന്ന മനുഷ്യരുടെ സങ്കടങ്ങൾ മനസ്സിൽ തറക്കുന്നത് എംടിയിലൂടെയാണ്.
1990- 2000 കാലയളവിൽ എന്നെ ആർത്തി പിടിച്ച വായനയിലേക്ക് പറത്തി ഉയർത്തിയത് എംടി യുടെ രണ്ട് സിനിമകളാണ് . പഞ്ചാഗ്നിയും നഖക്ഷതങ്ങളും. ഞാൻ എസ് എസ് എൽ സി ക്ക് പഠിക്കുന്ന 1986-ലാണ് രണ്ടും റിലീസായത്. സിനിമ റിലീസാവുന്നതിന് എത്രയോ മുമ്പേ റേഡിയോയിലൂടെ ഏഴ് സുന്ദര ഗാനങ്ങൾ ഒഴുകിയെത്തിയിരുന്നു – സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ…, ആ രാത്രി മാഞ്ഞുപോയി.., വ്രീളാഭരിതയായി…, ആരെയും ഭാവഗായകനാക്കും…, മഞ്ഞൾ പ്രസാദവും…, കേവല മർത്ത്യഭാഷ …, നീരാടുവാൻ നിളയിൽ നീരാടുവാൻ …
ഓ എൻ വി എഴുതി രവി ബോംബെ സംഗീതം പകർന്ന് യേശുദാസും ചിത്രയും ജയചന്ദ്രനും പാടിയ ആ പാട്ടുകൾ തന്ന ലഹരി എൻ്റെ ജീവിതത്തിലെ ഏറ്റവും ആഹ്ളാദകരവും ആസ്വാദനീയവുമായ നിമിഷങ്ങളാണ്. എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞുള്ള ആ വെക്കേഷനിൽ എൻ്റെ മനസ്സ് പൂർണമായും ഈ പാട്ടുകൾക്ക് പിന്നാലെയായിരുന്നു.
വീട്ടിൽ ടേപ്പ് റെക്കാർഡർ ഇല്ലായിരുന്നു. എന്നിട്ടും ആലക്കാട്ട് കശുവണ്ടി പെറുക്കാൻ പോയപ്പോൾ അമ്മ തന്ന പൈസ കൂട്ടി വച്ച് ഞാൻ 25 രൂപ വിലയുള്ള ഒരു കാസറ്റ് വാങ്ങി. നീലയും മഞ്ഞയും നിറമുള്ള ആ ഓഡിയോ കാസറ്റ് ഇപ്പോഴും ഓർമ്മയിലുണ്ട്. അതിൽ പഞ്ചാഗ്നിയും നഖക്ഷതങ്ങളും കൂടാതെ കാതോട് കാതോരവുമുണ്ട് – നീ എൻ സർഗസൗന്ദര്യമേ.., കാതോട് കാതോരം തേൻ ചോരുമാമന്ത്രം …., ദേവദൂതർ പാടി … ഓ എൻ വിയുടെ വരികൾ ഔസേപ്പച്ചൻ്റെ സംഗീതം.
ടേപ്പില്ലാതെ കാസറ്റ് വാങ്ങിയതിന് വീട്ടിൽ നിന്നും വഴക്ക് കേട്ടു. ആയിടക്ക് എൻ്റെ ഒരു അമ്മാവൻ ബോംബെയിൽ നിന്ന് നാട്ടിലെത്തിയിരുന്നു. വരുമ്പോൾ പുതിയ ഒരു ടാപ്പ് റെക്കാർഡറും കൊണ്ടു വന്നിരുന്നു.
ഞാൻ ആലക്കാട്ട് പോയി അമ്മാവനോട് ചോദിച്ചു – ഞാനിത് വീട്ടിൽ കൊണ്ടു പോയി ഒരു മാസം പാട്ട് കേട്ടോട്ടേ? അമ്മാവൻ സമ്മതിച്ചു. സ്വർഗം നേടിയ സന്തോഷത്തിലാണ് അതുമായി തിരിച്ചെത്തിയത് .
പിന്നെ രാപ്പകൽ സാഗരങ്ങളെ പാടിയുണർത്തിയ തേൻചോരും മന്ത്രങ്ങളായിരുന്നു. ദിവസം പത്ത് തവണയെങ്കിലും മുഴുവൻ തീരും വരെ ഞാനാ പാട്ടുകളെല്ലാം മതി മറന്ന് കേട്ടു – വരികൾ പഴയ ഒരു നോട്ടുപുസ്തകത്തിൻ്റെ ബാക്കിയുള്ള പേജുകളിൽ എഴുതിയെടുത്തു. എനിക്ക് പാടാനൊന്നു മറിയില്ലെങ്കിലും കേട്ട് രസിക്കാൻ ആരെക്കാളുമാകും. പ്രത്യേകിച്ച് സിനിമാപ്പാട്ടുകൾ.
ആലക്കാട്ട് നിന്ന് കരിവെള്ളൂരെത്തിയത് മുതൽ അച്ഛൻ വെക്കുന്ന റേഡിയോപ്പാട്ടുകൾ കേട്ടാണ് ഞാൻ വളർന്നത്. വയലാർ, ഓ എൻ വി, പി ഭാസ്കരൻ, ശ്രീ കുമാരൻ തമ്പി ഈ പേരുകളൊക്കെ പണ്ടേ മനസ്സിൽ പതിഞ്ഞതാണ്.
കറുത്ത നിറമുള്ള ആ മൂന്നു ബാറ്ററി ഫിലിപ്സ് റേഡിയോ ഞങ്ങളുടെ വീടിൻ്റെ പ്രിയതരമായ സ്വപ്നവും സന്തോഷവുമായിരുന്നു. അത് വെക്കാൻ, ചുമരിൽ ആണി കൊണ്ട് അടിച്ചു തറപ്പിച്ച മരത്തിൻ്റെ സ്റ്റാൻ്റൊക്കെ ഉണ്ടായിരുന്നു.
ടേപ്പ് കിട്ടിയപ്പോൾ എനിക്ക് റേഡിയോ വേണ്ടാതായി. വീട്ടിൽ അന്ന് കറൻ്റ് കണക്ഷനായിട്ടില്ല. അണ്ടി പെറുക്കാൻ അമ്മക്ക് കൂട്ട് പോയി കിട്ടിയ പൈസ മുഴുവൻ ഞാൻ ടേപ്പിലിടാനുള്ള ബാറ്ററിക്ക് ചെലവാക്കി.
റേഡിയോവിലപ്പോൾ പഞ്ചാഗ്നിയുടെയും നഖക്ഷതങ്ങളുടെയും പരസ്യങ്ങൾ കേൾക്കാമായിരുന്നു. പത്രത്തിൽ ചിത്രങ്ങളും കണ്ടു. മീശയില്ലാത്ത മോഹൻലാലിനെ കണ്ട് ചിരി വന്നു. തോക്കേന്തി നിൽക്കുന്ന പുതുമുഖ ഗീതയെ കണ്ട് ആകാംക്ഷ പൂണ്ടു. റേഡിയോ പരസ്യത്തിൽ നിന്ന് നായികയുടെ പേര് ഇന്ദിരയാണെന്നും അവൾ വലിയ തറവാട്ടിൽ പിറന്നതാണെന്നും മനസ്സിലായി. ആ തോക്കാണ് കൺഫ്യൂഷനുണ്ടാക്കിയത്. ആ കാലത്ത് നാട്ടിലെ ടാക്കീസിൽ സിനിമ എത്താൻ ഒരു വർഷമെങ്കിലും കഴിയും.
നഖക്ഷതങ്ങൾ കാഞ്ഞങ്ങാട്ട് പുതിയതായി തുടങ്ങിയ റിവോളി തീയറ്ററിൽ (ഇന്നില്ല) തുടർച്ചായി നൂറ് ദിവസമാണ് ഓടിയത്. പഞ്ചാഗ്നിയും നൂറ് പിന്നിട്ടു. അന്ന് റിലീസ് കഴിഞ്ഞ് അഞ്ചും ആറും മാസം കഴിയണം പയ്യന്നൂരിൽ സിനിമയെത്താൻ. ഞാൻ കോളേജിൽ ഫസ്റ്റ് പീഡീസി പഠിക്കുമ്പോഴാണ് സുമംഗലി ടാക്കീസിൽ നിന്ന് പഞ്ചാഗ്നി കണ്ടത് – ക്ളാസ് കട്ട് ചെയ്ത് കാണുന്ന ആദ്യത്തെ സിനിമ.
(തുടരും)
പ്രകാശൻ കരിവെള്ളൂർ