റിയാദ്: റഷ്യ, യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സൗദിയിൽ അമേരിക്കയുടേയും റഷ്യയുടേയും നേതൃത്വത്തിൽ നടന്ന ചർച്ചയെ വിമർശിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി. യുക്രൈയിൻ പ്രാതിനിധ്യമില്ലാതെ യുക്രൈന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നുവെന്ന് സെലൻസ്കി വിമർശിച്ചു. തുർക്കിയിലെ അങ്കാറയിൽ വെച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും അദ്ദേഹത്തിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. റഷ്യ -യു.എസ്. ചർച്ചയിൽ യുക്രൈനിനെ പങ്കെടുപ്പിക്കാത്തതിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ഓർമ്മിപ്പിച്ച തുർക്കി പ്രസിഡന്റ് തുടർന്നുള്ള യു.എസ് – റഷ്യ – യുക്രൈൻ സമാധാന ചർച്ച തുർക്കിയിൽ വെച്ച് നടത്താമെന്ന് വാഗ്ധാനവും നൽകി. ചർച്ചയിൽ യുക്രൈനേയും യൂറോപ്യയൻ യൂണിയൻ പ്രതിനിധികളേയും പങ്കെടുപ്പിക്കാത്തതിൽ യൂറോപ്യൻ യൂണിയനും വിയോജിപ്പുണ്ട്.
റഷ്യയുടെ യുക്രൈൻ അധിനിവേശം ആരംഭിച്ചതിന് ശേഷം, ആദ്യമായാണ് സമാധാന ശ്രമങ്ങൾക്കായുള്ള ചർച്ച നടക്കുന്നത്. ആവശ്യമെങ്കിൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായി ചർച്ച നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തയാറെന്ന് റഷ്യ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ ചേരാൻ യുക്രൈന് അവകാശമുണ്ട്. എന്നാൽ സൈനിക സഖ്യങ്ങളിൽ ഏർപ്പെടുന്നത് തീർത്തും വ്യത്യസ്തമാണെന്ന് റഷ്യ നിലപാടെടുത്തു. യുദ്ധത്തിന്റെ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യ സമ്മതിച്ചു.
നാലര മണിക്കൂർ നീണ്ട ചർച്ചയിൽ നിർണായക തീരുമാനങ്ങളാണുണ്ടായത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ഉന്നതസംഘത്തെ നിയോഗിക്കാൻ യു.എസും റഷ്യയും തമ്മിൽ ധാരണയിലെത്തി. യുദ്ധത്തിന് ശാശ്വത പരിഹാരം വേണമെന്ന് യു.എസ് പ്രതിനിധികൾ ആവശ്യപ്പെട്ടു. യുദ്ധത്തിലേക്ക് നയിച്ച പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് റഷ്യൻ പ്രതിനിധികളും ഉറപ്പുനൽകി. ചർച്ച തുടരുമെന്നും രണ്ടാംഘട്ടത്തിന്റെ തീയതി പിന്നീട് തീരുമാനിക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ആദ്യഘട്ട ചർച്ചയിൽ യുഎസും റഷ്യയും തൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ, ഡോണൾഡ് ട്രംപ്- വ്ലാദിമിർ പുടിൻ കൂടിക്കാഴ്ചയ്ക്ക് വഴിതെളിയും എന്ന സൂചനയുമുണ്ട്.
പുടിനും ട്രംപും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് മധ്യസ്ഥ ചർച്ചയ്ക്ക് വഴിയൊരുങ്ങിയത്. ചർച്ചയ്ക്ക് പിന്നാലെ. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള ഉച്ചകോടിക്ക് വഴിയൊരുക്കുക എന്നതും ചർച്ചയുടെ ലക്ഷ്യമാണ്. വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, പുടിന്റെ വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷകോവ് എന്നിവരാണ് ചർച്ചയിൽ റഷ്യയെ പ്രതിനിധീകരിച്ചത്. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പശ്ചിമേഷ്യാകാര്യത്തിനുള്ള ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് എന്നിവരാണ് യു.എസിൽനിന്ന് ചർച്ചയ്ക്കെത്തിയത്.