മോസ്ക്കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയിന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രെയിന് കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. 40-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായാണ് റിപ്പോർട്ടുകൾ. യുക്രെയിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രെയിനിലെ (എസ്ബിയു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രെയിനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിക്കുന്ന Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകൾ ഉൾപ്പെടെയുള്ള റഷ്യൻ വിമാനങ്ങളെ യുക്രെയിനിയൻ സൈന്യം ആക്രമിച്ചതായി എസ്ബിയു അവകാശപ്പെട്ടു.
ഞായറാഴ്ച യുക്രെയിനിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രെയിന് ഡ്രോണാക്രമണം നടത്തുന്നത്. റഷ്യയുടെ ആക്രമണത്തില്‍ 12 പേര് മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമതാവളങ്ങളിലൊന്നാണ് ഒലെന്യയിലേത്. ബെലായ വ്യോമതാവളവും ആക്രമിക്കപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യക്കുനേരെ യുക്രെയിന് നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.
കഴിഞ്ഞ ദിവസം റഷ്യയിലെ ബ്രയാന്‍സ്ക് മേഖലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചിരുന്നു. മോസ്കോയില്‍ നിന്നും ക്ലിമോവിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള പാലം തകര്‍ന്ന് ട്രാക്കിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. യുക്രെയിനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഗതാഗത നിയന്ത്രണത്തിലെ നിയമവിരുദ്ധമായ ഇടപെടലാണ് ബ്രിഡ്ജ് തകരാന്‍ കാരണമായതെന്ന് റഷ്യ കുറ്റപ്പെടുത്തി.


