കീവ്: യുക്രെയ്നെതിരെ കനത്ത ആക്രമണം നടത്തി റഷ്യ. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചാണ് യുക്രെയ്‌നിൽ ഉടനീളം റഷ്യ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും റഷ്യ വന്‍ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഖാര്‍കീവില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 21 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. 48 ഡ്രോണുകളും രണ്ട് മിസൈലുകളും നാല് ഗ്ലൈഡിങ് ബോംബുകളും ഉപയോഗിച്ച് റഷ്യ നഗരത്തില്‍ ആക്രമണം നടത്തിയതായി ഖാര്‍കീവ് മേയര്‍ പ്രതികരിച്ചു. 18 കെട്ടിടങ്ങളും പതിമൂന്നോളം വീടുകളും തകര്‍ന്നതായി അദ്ദേഹം പറയുന്നു. നഗരത്തില്‍ വിവിധപ്രദേശങ്ങളില്‍ സ്‌ഫോടനശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ റഷ്യയുടെ എസ്‌യു-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. ജൂൺ ഏഴിന് രാവിലെ റഷ്യയിലെ കുർസ്‌ക് ഒബ്ലാസ്റ്റിലാണ് റഷ്യൻ ഫൈറ്റർ ജെറ്റ് ഉക്രെയ്ൻ തകർത്തത്. ഈ ഓപ്പറേഷനെപ്പറ്റി കൂടുതൽ വിശദാംശങ്ങൾ ഉക്രെയ്ൻ പുറത്തുവിട്ടിട്ടില്ല. റഷ്യ അധിനിവേശം ആരംഭിച്ച ശേഷം ഇതുവരെ 414 എയർക്രാഫ്റ്റുകൾ തകർത്തതായാണ് യുക്രെയ്ൻ ജനറൽ സ്റ്റാഫ് പുറത്തുവിടുന്ന വിവരം.
റഷ്യൻ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഏതാനും ദിവസം മുൻപ് യുക്രെയ്ൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർ വെബ്’ എന്നു പേരിട്ട ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം. കഴിഞ്ഞ ഒരാഴ്ച്‌ചയായി റഷ്യൻ വ്യോമസേനയ്ക്ക് കനത്ത നാശനഷ്ടമാണ് യുക്രെയ്ൻ വരുത്തുന്നത്. ജൂൺ ഒന്നിന് യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് (SBU) നടത്തിയ ഓപ്പറേഷൻ സ്പൈഡർവെബിൽ, 41 റഷ്യൻ ബോംബർ വിമാനങ്ങളും മറ്റ് വിമാനങ്ങളും തകർത്തതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം ഏഴ് ബില്യൺ ഡോളറിന്റെ നാശനഷ്‌ടം വരുത്തിയെന്നും റഷ്യയുടെ തന്ത്രപ്രധാനമായ ബോംബർ കപ്പലുകളിൽ മൂന്നിലൊന്ന് പ്രവർത്തനരഹിതമാക്കാൻ സാധിച്ചുവെന്നുമാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
റഷ്യൻ പ്രദേശത്തുടനീളം രഹസ്യമായി വിന്യസിച്ചിരുന്ന ട്രക്കുകളിൽ നിന്ന് വിക്ഷേപിച്ച 117 ഡ്രോണുകൾ ഉപയോഗിച്ചാണ് യുക്രെയ്ൻ ഓപ്പറേഷൻ സ്പൈഡർവെബിലൂടെ അതിർത്തി കടന്നുള്ള ആക്രമണം സംഘടിപ്പിച്ചത്. യുക്രെയ്ൻ അതിർത്തിയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങൾ ഉൾപ്പെടെ കുറഞ്ഞത് നാല് പ്രദേശങ്ങളിലെ വ്യോമതാവളങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്.