Thursday, July 31, 2025
Mantis Partners Sydney
Home » യുഎസ് വിമാനദുരന്തം: ജീവനോടെ ആരെയും കണ്ടെത്തിയില്ല.
യുഎസ് വിമാനദുരന്തം: ജീവനോടെ ആരെയും കണ്ടെത്തിയില്ല.

യുഎസ് വിമാനദുരന്തം: ജീവനോടെ ആരെയും കണ്ടെത്തിയില്ല.

by Editor

വാഷിങ്ടൺ: യുഎസിലെ വാഷിങ്ടൻ റീഗൽ നാഷനൽ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നിഗമനം. പൊട്ടോമാക് നദിയിൽ ഹെലികോപ്റ്ററിനെ തലകീഴായി കിടക്കുന്ന നിലയിലും യാത്ര വിമാനം തകർന്ന് വേർപെട്ട നിലയിലും കണ്ടെത്തിയെന്നാണ് വിവരം. ഇതുവരെ 28 പേരുടെ മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽനിന്നു കണ്ടെടുത്തു. നദിയിൽ തിരച്ചിൽ തുടരുകയാണ്. അതിശൈത്യവും ഇരുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. 300 വിദഗ്ധർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പൊട്ടോമാക് നദിയുടെ പല ഇടങ്ങളും മരവിച്ച നിലയിലാണെന്നാണ് വിവരം.

60 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്ന വിമാനത്തിലെ ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കാൻസാസിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിലേക്ക് വന്ന അമേരിക്കൻ എയർലൈൻസിന്റെ CRJ700 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ആകാശ ദുരന്തം സംഭവിച്ചത്. റൺവേ 33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക്ഹോക്ക് സൈനിക ഹെലികോപ്റ്ററാണ് ഇടിച്ചുകയറിയത്. സൈനിക ഹെലികോപ്റ്ററിൽ 3 പേരാണ് ഉണ്ടായിരുന്നത്. ആകാശത്തൊരു തീഗോളമായി വിമാനവും ഹെലികോപ്റ്ററും കത്തിയെരിയുന്ന ദൃശ്യം പുറത്തുവന്നിരുന്നു. വിമാനവും ഹെലികോപ്റ്ററും തണുത്തുറഞ്ഞ പോട്ടോമാക് നദിയിലാണ് പതിച്ചത്. നിമിഷങ്ങൾക്കകം തുടങ്ങിയ തെരച്ചിൽ ഇപ്പോഴും തുടരുന്നു. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 24 അടി ആഴമുള്ള നദിയിൽ തിരയുന്നത്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പെന്റഗൺ അറിയിച്ചു. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഇതു നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയിൽ സംശയവും പ്രകടിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!