മുളന്തുരുത്തി: എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ അനധികൃതമായി പ്രവേശിച്ച യാക്കോബായ സഭ മെത്രാപോലിത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കോടതി ഉത്തരവുകൾ ലംഘിച്ചു ദേവാലയത്തിൽ അനധികൃതമായി പ്രവേശിച്ചു നിയമ വിരുദ്ധമായി ആരാധന കർമ്മങ്ങൾ നടത്തിയെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
2013 -ൽ ആണ് സംഭവം നടന്നത്. മലങ്കര സഭ തർക്കം നിലനിൽക്കുന്ന ഇടവകയാണ് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് പള്ളി, അന്ന് നിരോധനാജ്ഞ നിലനിൽക്കുമ്പോൾ അന്നത്തെ കൊച്ചി ഭദ്രാസന മെത്രോപ്പോലീത്ത ആയിരുന്ന, ഇന്നത്തെ യാക്കോബായ സഭയുടെ നിയുക്ത ശ്രെഷ്ട കാതോലിക്ക ജോസഫ് മാര്‍ ഗ്രിഗോറിയോസും കൂടെയുണ്ടായിരുന്നവരും പള്ളിയിൽ അനധികൃതമായി പ്രവേശിച്ചു ആരാധന നടത്തുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു പിറവം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണ നേരിടാൻ ഒരുങ്ങവെ ഈ കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. പക്ഷെ ഹൈകോടതി ഈ എഫ് ഐ ആർ റദ്ദാക്കണം എന്ന ആവിശ്യം തള്ളുകയാണ് ഉണ്ടായതു. പ്രോസിക്യൂഷൻ നിരവധി തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളായി ഉണ്ടെന്നും അതിനാൽ ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്നുമാണ് ഹൈകോടതി പറഞ്ഞിരിക്കുന്നത്.