Mantis Partners Sydney
Monday, March 16, 2026
Mantis Partners Sydney
Home » മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോൺ കയറ്റുമതി; റെക്കോർഡ്
മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോൺ കയറ്റുമതി; റെക്കോർഡ്

മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോൺ കയറ്റുമതി; റെക്കോർഡ്

by Editor
Send your news and Advertisements

ഫോക്സ്കോണും ടാറ്റയും മാർച്ച് മാസത്തിൽ രണ്ട് ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ അമേരിക്കയിലേയ്ക്ക് കയറ്റുമതി ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 600 ടൺ കാർഗോയുമായി 6 ജെറ്റ് വിമാനങ്ങള്‍ ഇന്ത്യയിൽനിന്നും പറന്നുയർന്നതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വ്യാപാര നികുതിയെ മറികടക്കാനാണ് ഈ റെക്കോർഡ് കയറ്റുമതിയെന്നാണ് റിപ്പോർട്ട്. മാര്‍ച്ച് അവസാന ആഴ്ചയാണ് ഫ്‌ളൈറ്റുകള്‍ ഇന്ത്യയില്‍ നിന്ന് ഉയര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ 5-നായിരുന്നു ട്രംപ് താരിഫ് നിലവില്‍ വരുന്നത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26% തീരുവയാണ് ട്രംപ് ഭരണകൂടം ചുമത്തിയിരിക്കുന്നത്.

ആപ്പിളിന്റെ ഇന്ത്യയിലെ പ്രധാന അസംബ്ലിങ്ങ് കമ്പനിയായ ഫോക്‌സ്‌കോണ്‍ മാർച്ചിൽ 1.31 ബില്യൺ ഡോളറിന്റെ സ്മാർട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തതത്. ഇതിൽ ആപ്പിൾ ഐഫോൺ 13, 14, 16, 16 E മോഡലുകളും ഉൾപ്പെടുന്നു. ഇതോടെ ഈ വർഷം ഇതുവരെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഫോക്‌സ്‌കോണിന്റെ മൊത്തം കയറ്റുമതി 5.3 ബില്യൺ ഡോളറായി ഉയർന്നു. മാർച്ചിൽ ടാറ്റ ഇലക്ട്രോണിക്‌സ് 612 മില്യൺ ഡോളറിൻ്റെ ആപ്പിൾ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഫെബ്രുവരി മാസത്തെക്കാൾ ഏകദേശം 63% കൂടുതലാണ് മാ‍ർച്ചിലെ കയറ്റുമതി. ഐഫോൺ 15, 16 മോഡലുകളാണ് ടാറ്റയുടെ കയറ്റുമതിയിൽ ഉൾപ്പെടുന്നത്.

ലോകമെമ്പാടും ആപ്പിൾ പ്രതിവർഷം 220 ദശലക്ഷത്തിലധികം ഐഫോണുകൾ വിൽക്കുന്നു, കൗണ്ടർപോയിന്റ്റ് റിസർച്ച് കണക്കാക്കുന്നത് അമേരിക്കയിലേക്കുള്ള മൊത്തം ഐഫോൺ ഇറക്കുമതിയുടെ അഞ്ചിലൊന്ന് ഇപ്പോൾ ഇന്ത്യയിൽ നിന്നാണ്, ബാക്കിയുള്ളത് ചൈനയിൽ നിന്നാണ്. ചൈനയ്ക്ക് പുറത്ത് ഉൽപ്പാദന അടിത്തറ വൈവിധ്യവൽക്കരിക്കുന്നതിനാൽ ആപ്പിളിന് ഇന്ത്യ കൂടുതൽ നിർണായകമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ അതിന്റെ പ്രാഥമിക വിതരണക്കാരായ ഫോക്സ്സ്കോൺ, ടാറ്റ എന്നിവ നിലവിൽ മൂന്ന് ഫാക്‌ടറികൾ പ്രവർത്തിപ്പിക്കുന്നു, രണ്ടെണ്ണം കൂടി നിർമ്മാണത്തിലാണ്.

അമേരിക്കയിലേയ്ക്ക് മാർച്ചിൽ ഫോക്‌സ്‌കോൺ നടത്തിയ എല്ലാ കയറ്റുമതികളും ചെന്നൈ എയർ കാർഗോ ടെർമിനലിൽ നിന്ന് വിമാനമാർഗമായിരുന്നുവെന്നാണ് കസ്റ്റംസ് ഡാറ്റകളിൽ നിന്ന് വ്യക്തമാകുന്നതായാണ് റിപ്പോർട്ട്. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേയ്ക്കാണ് ഇവ കയറ്റി അയച്ചത്. ഇതിൽ ഭൂരിഭാ​ഗവും എത്തിച്ചേർന്നത് ചിക്കാഗോയിലാണെന്നും കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു. കയറ്റുമതി വേഗത്തിലാക്കാൻ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ക്ലിയറൻസ് സമയം 30 മണിക്കൂറിൽ നിന്ന് ആറ് മണിക്കൂറായി കുറയ്ക്കാൻ ആപ്പിൾ വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

You may also like

error: Content is protected !!