നിയമസഭാ തിരെഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ ബിജെപി മുന്നണിക്കു കൂറ്റൻ ജയം, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം. മൊത്തം 288 സീറ്റിൽ 229 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 53 സീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124-ലും ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം, 101 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 20 എണ്ണത്തിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ശരദ് പവാറിൻ്റെ എൻസിപി 86-ൽ 19-ലും താക്കറെ സേന 95-ൽ 13-ലും മുന്നിലാണ്. ഉദ്ധവ് താക്കറേക്ക് കനത്ത തിരിച്ചയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്.
വെറും എട്ട് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരം നിലനിർത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ വെറും 17 സീറ്റ് മാത്രമാണ് ബിജെപി സഖ്യത്തിന് നേടാൻ കഴിഞ്ഞത്. 48 ലോക്സഭാ സീറ്റിൽ 17 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.
ജാർഖണ്ഡിൽ ഇന്ത്യ മുന്നണി വിജയത്തിലേക്ക് നീങ്ങുകയാണ്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി 48 സീറ്റിൽ മുന്നിൽ നിൽക്കുകയാണ്. 31 സീറ്റിൽ എൻഡിഎ സഖ്യവും മുന്നിൽ നിൽക്കുന്നു.