Saturday, August 2, 2025
Mantis Partners Sydney
Home » മന്ത്രിസഭായോഗ തീരുമാനങ്ങൾ: കേരള സർക്കാർ
മന്ത്രിസഭായോഗ തീരുമാനങ്ങൾ

മന്ത്രിസഭായോഗ തീരുമാനങ്ങൾ: കേരള സർക്കാർ

തീയതി: 01-01-2025

by Editor

നിയമസഭാ സമ്മേളനം

15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നയപ്രഖ്യാപന പ്രസംഗ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ തീരുമാനിച്ചു.
കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ.

നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.

ഗ്യാരന്റി കാലാവധി ദീർഘിപ്പിക്കൽ

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 100 കോടി രൂപ ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് നൽകിയ സർക്കാർ ഗ്യാരന്റിയുടെ കാലാവധി വ്യവസ്ഥകൾക്ക് വിധേയമായി 01.11.2024 മുതൽ 6 വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകുന്നതിന് തീരുമാനിച്ചു.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നും (എൻ.എസ്.എഫ്.ഡി.സി) വായ്പ ലഭിക്കുന്നതിനായി സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷന് (കെ.എസ്.ഡി.സി) 150 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി 5 വർഷത്തേക്ക് (ആകെ 250 കോടി രൂപ) വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാൻ തീരുമാനിച്ചു.

കരാർ റദ്ദാക്കി

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വേസ്റ്റ് എനർജി പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള പദ്ധതി അവസാനിപ്പിക്കുവാനും കോഴിക്കോട്, കൊല്ലം പ്ലാന്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൺസെഷനയറുമായി ബന്ധപ്പെട്ട കൺസഷൻ കരാർ റദ്ദാക്കാനും തീരുമാനിച്ചു. ബ്രഹ്‌മപുരത്ത് ബി.പി.സി.എൽ ആഭിമുഖ്യത്തിലുള്ള സി.ബി.ജി പ്ലാന്റ് നിർമ്മാണം നടന്നുവരുന്ന സാഹചര്യത്തിലും കോഴിക്കോടും തിരുവനന്തപുരത്തും സി.ബി.ജി പ്ലാന്റ് പ്രൊപ്പോസ് ചെയ്തിരിക്കുന്നതിനാലുമാണ് മേൽപ്പറഞ്ഞ കരാറുകൾ റദ്ദാക്കുന്നത്.

വാഹനം വാങ്ങാൻ അനുമതി

രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.

Send your news and Advertisements

You may also like

error: Content is protected !!