കർണാടക, ഹുബ്ബള്ളി: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ പീറ്റർ എന്ന യുവാവ് ജീവനൊടുക്കിയ സംഭവം വലിയ ചർച്ചയാകുന്നു. ആത്മഹത്യാക്കുറിപ്പിൽ എഴുതിയതിന് അനുസരിച്ച് യുവാവിന്റെ ബന്ധുക്കൾ ശവപ്പെട്ടിയിൽ ഭാര്യയുടെ പീഡനത്തെക്കുറിച്ചുള്ള കുറിപ്പ് ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആത്മഹത്യക്കുറിപ്പിന്റെ ഉള്ളടക്കം
‘അച്ഛൻ എന്നോട് ക്ഷമിക്കണം. പിങ്കി എന്നെ കൊല്ലുകയാണ്. എന്റെ മരണമാണ് അവൾ ആഗ്രഹിക്കുന്നത്. മാനസികമായി തളർന്നു, ജോലി പോയി, മനസമാധാനം ഇല്ല. ഇനിയിങ്ങനെ ജീവിക്കാൻ കഴിയില്ല. ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം എന്ന് എന്റെ ശവപ്പെട്ടിയിൽ എഴുതിവയ്ക്കണം’-എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ.
കഴിഞ്ഞ മൂന്നുമാസത്തോളമായി ദമ്പതികൾ തമ്മിലുള്ള ബന്ധം രൂക്ഷമായിരുന്നതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച പള്ളിയിൽ പോയ ബന്ധുക്കൾ തിരിച്ചെത്തിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ കാരണം നേരത്തെ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിൽ പിങ്കി നഷ്ടപരിഹാരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും സഹോദരൻ ജോയൽ വെളിപ്പെടുത്തി.
പീറ്ററിന്റെ പിതാവ് ഒബ്ബയ്യയുടെ ആരോപണപ്രകാരം, മകനെ ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേർന്ന് മാനസികമായി സമ്മർദ്ദത്തിലാക്കി. പിങ്കി ഭർത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയതോടൊപ്പം, തിരികെ വിളിച്ചപ്പോള്‍ ‘പീറ്റർ മരിച്ചെന്നു കേട്ടാലും തിരികെ വരില്ല’ എന്ന് മറുപടി നൽകുകയും ചെയ്തു. ഇതോടൊപ്പം, പിങ്കിയുടെ സഹോദരൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഒരു തവണ പീറ്റർ ഓഫിസിലായിരുന്നപ്പോള്‍ പിങ്കി വിളിച്ചുണ്ടാക്കിയ തർക്കം മൂലം പീറ്ററുടെ ജോലി നഷ്ടപ്പെട്ടു. ഇതും യുവാവിനെ തളർത്തിയതായി കുടുംബം പറയുന്നു. സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു. ആത്മഹത്യാക്കുറിപ്പടക്കം പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.