വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് വീഴ്ചയിൽ കൈക്ക് പരുക്കേറ്റതായി വത്തിക്കാൻ അറിയിച്ചു. മാർപാപ്പയുടെ വസതിയായ സാന്റ മാർത്ത ഹൗസിൽ വച്ചുണ്ടായ വീഴ്ചയിലാണ് 88 വയസുകാരനായ മാർപാപ്പയുടെ വലത് കൈക്ക് പരുക്കേറ്റത്. വലതുകൈത്തണ്ടയ്‌ക്ക് നിസാരമായ പരുക്കാണുള്ളതെന്നും എല്ലുകൾക്ക് പൊട്ടലില്ലെന്നും വത്തിക്കാൻ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ.
ഡിസംബറിലും മാർപാപ്പയ്‌ക്ക് സമാനമായ വീഴ്ച സംഭവിച്ചിരുന്നു. കിടക്കയിൽ നിന്നായിരുന്നു വീണത്. തുടർന്ന് മാർപാപ്പയുടെ വലതുതാടിക്ക് ചതവ് സംഭവിച്ചു. ഇതിന് ശേഷം ഏതാനും ആഴ്ചകൾ പിന്നിടുമ്പോഴാണ് രണ്ടാമത്തെ അപകടം. കഴിഞ്ഞ ഏതാനും വർഷങ്ങളായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ അദ്ദേഹത്തിനുണ്ട്. ഇടുപ്പിനും മുട്ടിനും അസഹ്യമായ വേദനയുള്ളതിനാൽ കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലാണ്. ആരോഗ്യ പ്രശ്നങ്ങൾ കാരണം മാർപാപ്പ വീൽ ചെയറിന്റെ സഹായത്തോടെയാണ് സാധാരണയായി സഞ്ചരിക്കാറുള്ളത്.