ആദ്യമൊക്കെ ഈ കല്യാണത്തിന് അവൾക്കു തീരെ താല്പര്യമില്ലായിരുന്നു. വരുൺ പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ അയാളെ പിടിച്ചില്ല, പക്ഷെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ഭർത്താവിനും അയാളെ വളരെ ഇഷ്ടമായി.
കാണാൻ സുന്ദരൻ ആണെങ്കിലും ആ ചിരിയിൽ ഒരു ചെറിയ വില്ലൻ ഒളിച്ചിരിപ്പുണ്ടോ എന്നവൾക്കു തോന്നി. പിന്നെ വിവരം അറിയിക്കാം എന്ന് അച്ഛൻ പറഞ്ഞപ്പോൾ, അയാൾ അവളുടെ ഫോൺ നമ്പർ വാങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിളിച്ചു.
ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ്, എനിക്ക് തന്നെ വളരെ ഇഷ്ടമായി അങ്ങനെ പോയി മെസ്സേജുകൾ.
ഒരു ദുർബല നിമിഷത്തിൽ അവളും അയാളെ ഇഷ്ടപ്പെട്ടു തുടങ്ങി. അയാളാണ് ജീവിതത്തിൽ ആദ്യമായി “തന്നെ എനിക്ക് ഇഷ്ടമായി” എന്ന് പറഞ്ഞത്.
പഠനകാലത്ത് ഒരാളെയും നോക്കാൻ ധൈര്യം വന്നില്ല, ആരും അവളോട് ഇങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല.
സ്നേഹത്തിൽ ചാലിച്ച വാക്കുകൾ.
ചില മനുഷ്യർ ഉണ്ടല്ലോ അവർക്കു നമ്മളെ പറഞ്ഞു പറ്റിക്കാൻ സാധിക്കും, കൂടെക്കൂടി കൂട്ടിലാക്കി അങ്ങ് കൊണ്ടുപോകും. കൂടു തുറക്കാൻ നോക്കുമ്പോളാണ് അത് തുറക്കാൻ പറ്റാത്ത ഒരു പൂട്ടാണെന്നു മനസ്സിലാക്കുന്നത്. അപ്പോഴേക്കും അകപ്പെട്ടു പോയിരിക്കും.
അവൾക്കു കൂടുതൽ ഒന്നും ആലോചിക്കാൻ സാധിച്ചില്ല. അപ്പോഴേക്കും കല്യാണം കഴിഞ്ഞിരുന്നു.
അച്ഛനും അമ്മയും, ചേച്ചിയുമൊക്കെ നല്ല സ്നേഹമുള്ളവർ ആണ്, ജോലി സ്ഥലത്തേക്ക് വീട് മാറിയപ്പോൾ മുതൽ ആണ് അവൾ അയാളെ വെറുത്തു തുടങ്ങിയത്. ആദ്യം ഒന്നും അയാൾ പറയുന്നതിന്റെ അർത്ഥം അവൾക്കു മനസ്സിലായില്ല.
അത് എന്താണ് എന്ന് ചോദിക്കുമ്പോൾ ‘പിന്നെ ഒന്നും അറിയാത്ത കുഞ്ഞു കൊച്ചല്ലേ, പോടി അവിടുന്ന്, ഓരോ വേഷം, നിൻറെ അപ്പൻ പോലീസിൽ അല്ലേ, അയാൾക്ക് ഇതിലും വലിയ തെറി അറിയാമല്ലോ’,
അച്ഛൻ പോലീസിൽ ആണെങ്കിലും ഒരിക്കൽ പോലും വീട്ടിൽ അങ്ങനെ ഒന്നും പറഞ്ഞു കേട്ടിട്ടില്ല.
മലയാളത്തിൽ ഇത്രയും അസഭ്യ വാക്കുകൾ ഉണ്ടെന്നും അവൾക്കറിയില്ലായിരുന്നു. ചിലതെല്ലാം അയലത്തെ മാധവൻ ചേട്ടനും ചേച്ചിയും വഴുക്കു കൂടുമ്പോൾ ചേട്ടൻ ചേച്ചിയെ വിളിക്കുന്നത് കാതിൽ വീണിട്ടുണ്ട്. വഴക്കിട്ട് അവശനായ ചേട്ടൻ മുറ്റത്തിന്റെ നടുവിൽ കുത്തിയിരുന്നു ഉറക്കെ വിളിക്കും
“എടീ ശോഭേ കുറച്ചു സംഭാരം കൊണ്ടുവാ, മടുത്തു പോയി, അതെങ്ങനെയാ അവള് എന്നെ കൊണ്ടു പറയിച്ചേ അടങ്ങൂ”
സത്യമായിട്ടും ആ ചേച്ചി ഒരു പഞ്ചപാവം ആണ്, കള്ളു കുടിച്ചാൽ ചേട്ടന് അവരെ രണ്ടു പറഞ്ഞില്ലേ സമാധാനം കിട്ടില്ല. കൂടുതലും ചേട്ടൻ അവരുടെ അമ്മയെയും അപ്പനെയും ആണ് പറയുന്നത്, അത് പറഞ്ഞാലേ ചേച്ചിക്ക് വേദനിക്കൂ എന്നയാൾക്ക് അറിയാം. മറ്റുള്ളവരെ മനപൂര്‍വ്വം വേദനപ്പിച്ചു അതിൽ ആനന്ദം കണ്ടെത്തുന്നവർ. വരുണും ആ ഗണത്തിൽ പെട്ടയാൾ.
ആദ്യമെല്ലാം അർഥം ചോദിച്ചു അപഹാസ്യയായി. പിന്നെയവൾ ഒരു ബുക്ക് എടുത്തു അയാൾ പറയുന്നത് എഴുതി വെക്കാൻ തുടങ്ങി, നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകൾ അല്ലേ അയാൾ പറയുന്നത്. മനുഷ്യർക്ക് അറപ്പുളവാക്കുന്ന വാക്കുകൾ.
” തെണ്ടി, പട്ടി “ പിന്നെ കുറെ ചെറിയ കുഴപ്പം ഇല്ലാത്ത വാക്കുകൾ അതിനപ്പുറം ആരെയും ഒന്നും പറയാൻ അറിയാഞ്ഞ അവൾക്കു ഒരു ഇരുന്നൂറ് പേജ് ബുക്ക് നിറയെ ശബ്‌ദകോശത്തിൽ ഇല്ലാത്ത പദങ്ങൾ, പദപ്രയോഗങ്ങൾ കിട്ടി.
കാറ് ഓടിക്കുമ്പോൾ മുൻപിൽ പോകുന്ന ആള് എന്തെങ്കിലും ഒന്നു കാണിച്ചാൽ അവരെ തെറി പറഞ്ഞുകൊണ്ടായിരിക്കും അയാൾ വണ്ടി ഓടിക്കുന്നത്. അയാൾ അല്ലല്ലോ അത് കേൾക്കുന്നത്, കൂടെ ഇരിക്കുന്ന താനല്ലേ. അതിനും വല്ലതും വായു തുറന്നു പറഞ്ഞാൽ “നീ അവന്റെ ഭാര്യയോ അതോ എൻ്റെ കെട്ടിയവളോ”
സ്നേഹത്തിലും അല്ലാതെയും പലതും പറഞ്ഞെങ്കിലും അയാളുടെ അസഭ്യ പ്രയോഗത്തിന് കുറവുണ്ടായില്ല.
ഒരു ദിവസം അവൾക്കു വല്ലാത്ത തലവേദന കൊണ്ട് ഒരു ആസ്പിരിൻ കഴിച്ചു കിടന്നു ഒന്ന് ഉറങ്ങി പോയി. ബെൽ അടിച്ചിട്ട് വാതിൽ തുറക്കാൻ കുറച്ചു വൈകി.
അന്നും കിട്ടിയവൾക്കു കണക്കിന്, അയാളുടെ വായിൽനിന്നും.
കാപ്പി കൊണ്ടുവരാൻ ആജ്ഞാപിച്ചട്ടയാൾ മുറിയിലേക്ക് കയറിപ്പോയി.
പിന്നെ ഒട്ടും ചിന്തിച്ചില്ല, അയാളുടെ തെറിവായിൽ നിന്നും വന്നതൊക്കെ എഴുതി വെച്ച ബുക്കെടുത്തവൾ ഉച്ചത്തിൽ വായിച്ചു തുടങ്ങി. അയാൾക്ക് തിരികെ ഒരു വാക്കും പറയാൻ സമയം കൊടുക്കാതെ അവളതു മുഴുവനും വായിച്ചു തീർത്തു.
തൻ്റെ സാധനങ്ങൾ എടുത്തു വാതിൽ വലിച്ചടച്ചു നടന്നു നീങ്ങുമ്പോൾ
“അല്ല നിനക്ക് ഇത് ഇത്രയും വിഷമം ആയിരുന്നെങ്കിൽ എന്താ മോളെ പറയാഞ്ഞത് ?”
തിരികെ നിന്നു അവൾ ..
“മോളോ ……’
ബാക്കി ഇടവിടാതെ അവൾ പറഞ്ഞതൊന്നും കേൾക്കാൻ കഴിയാതെ അയാൾ കാതുകൾ രണ്ടു കൈകൾ കൊണ്ടും അടച്ചു പിടിച്ചു.
പുഷ്പമ്മ ചാണ്ടി, ചെന്നൈ